ദില്ലി : ബംഗ്ലാദേശില്‍ കലാപത്തിലേക്ക് മാറിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം നിരീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രക്ഷോഭത്തില്‍ ഇതുവരെ 32 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ളാദേശിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ബംഗ്ലാദേശിലുള്ള 8500 ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ എംബസി നടപടി സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ബംഗ്ളാദേശിൻ്റെ രൂപീകരണത്തിലേക്ക് നയിച്ച 1971 ലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ ധാക്ക സര്‍വകലാശാലയില്‍ തുടങ്ങിയ പ്രക്ഷോഭമാണ് നിയന്ത്രണാതീതമായത്.
വിദ്യാര്‍ത്ഥികളുടെ ആദ്യത്തെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനായിരുന്നു പൊലീസിൻ്റെ ശ്രമം. അന്ന് നടന്ന സംഘര്‍ഷത്തില്‍ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതോടെ പ്രക്ഷോഭം മറ്റ് സര്‍വകലാശാലകളിലേക്കും വ്യാപിച്ചു. സംവരണം പിൻവലിക്കണമെന്നാണ് യുവാക്കളുടെ ആവശ്യം. സംഘര്‍ഷത്തില്‍ ഇതുവരെ 32 പേര്‍ കൊല്ലപ്പെട്ടെന്നാണ് ബംഗ്ലാദേശില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ നിന്നും പ്രക്ഷോഭത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന ഔദ്യോഗിക ടെലിവിഷൻ ചാനല്‍ വഴി ആഹ്വാനം ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ സംവരണ തീരുമാനത്തെ ന്യായീകരിക്കുന്നതായിരുന്നു അവരുടെ നിലപാട്. പിന്നാലെ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം വീണ്ടും ശക്തമായിരുന്നു. ബംഗ്ലാദേശിലെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ബിടിവിയുടെ ആസ്ഥാനത്ത് അക്രമികള്‍ തീയിടുകയും ഇതിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയും സ്ഥിതി നിരീക്ഷിക്കുന്നത്.