കൊച്ചി : ബോക്സ് ഓഫീസിലെ വമ്ബൻ ഹിറ്റ് ചിത്രം ലോക: ചാപ്റ്റർ ഒന്നില്‍ ബെംഗളൂരു നഗരത്തെ മോശമായി ചിത്രീകരിക്കുന്ന സംഭാഷണ വിവാദത്തിന് പിന്നാലെ ക്ഷമ ചോദിച്ച് രംഗത്തെത്തി.ചിത്രത്തിന്റെ നിർമാതാക്കളായ വേഫെറർ ഫിലിംസാണ് ക്ഷമാപണം നടത്തിയത്. ചിത്രത്തിലെ ഒരു സംഭാഷണം കർണാടകയിലെ ജനങ്ങളുടെ വികാരങ്ങളെ മുറിവേല്പിച്ചതില് ഖേദം പ്രകടിപ്പിക്കുന്നതായി നിർമാതാക്കള്‍ അറിയിച്ചു. ബോധപൂർവമല്ലെന്നും എത്രയും വേഗം ഡയലോഗ് നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുമെന്നും സോഷ്യല്‍ മീഡിയയിലൂടെ ഇവർ അറിയിച്ചു. ജനങ്ങളുടെ മനോവിഷമത്തില്‍ ആത്മാർഥമായി ക്ഷമ ചോദിക്കുന്നതായും വിനീതമായി അപേക്ഷിക്കുന്നതായും വേഫെറർ ഫിലിംസ് വ്യക്തമാക്കി.
മലയാളത്തിലെ ഓണം റിലീസ് ആയി എത്തി വന്‍ പ്രദര്‍ശന വിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രം ലോകയ്ക്കെതിരെ കര്‍ണാടകയില്‍ പരാതി. ബെംഗളൂരു നഗരമാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം. ചിത്രം ബെംഗളൂരുവിനെയും ബെംഗളൂരുവിലെ യുവതികളെയും മോശക്കാരായി ചിത്രീകരിക്കുന്നുവെന്നാണ് ആക്ഷേപം. ലോകയെ കൂടാതെ ആവേശം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങളും ബെംഗളൂരുവിനെ ലഹരിയുടെ ഹബ്ബായി ചിത്രീകരിച്ചുവെന്നും മലയാള സിനിമകള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിവിഘ സംഘടനകള്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. പരാതി സിസിബി (സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്) അന്വേഷിക്കുമെന്നും പരാതിയില്‍ കഴമ്ബുണ്ടെങ്കില്‍ നടപടി ഉണ്ടാവുമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ സീമന്ദ് കുമാര്‍ സിംഗ് പ്രതികരിച്ചു.