മുംബൈ: ബാറ്റെടുത്തവരെല്ലാം ഹാർഡ് ഹിറ്റർമാരായ മത്സരത്തിൽ ഹൈദരാബാദിനെ തവിട് പൊടിയാക്കി രാജസ്ഥാൻ..! രാജസ്ഥാന്റെ പടുകൂറ്റൻ സ്‌കോർ പിൻതുടർന്ന ഹൈദരാബാദിനെ ബൗളർമാരുടെ മികവിൽ തകർത്ത് 61 റണ്ണിന്റെ ഉജ്വല വിജയമാണ് നേടിയത്. ബാറ്റിങ്ങിൽ തിളങ്ങിയ സഞ്ജു, ക്യാപ്റ്റൻസിയിലും ഉജ്വല പ്രകടനം പുറത്തെടുത്തു. സഞ്ജുവിനൊപ്പം മലയാളി താരം ദേവദത്ത് പടിക്കലും തിളങ്ങി നിന്നതോടെ ആദ്യ മത്സരം രാജസ്ഥാന് മലയാളി മയമായി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 211 എന്ന പടുകൂറ്റൻ സ്്‌കോറിന് ഒരു ഘട്ടത്തിലും ഹൈദരാബാദിന് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. ആദ്യം മുതൽ തന്നെ കൃത്യമായി ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ സഞ്ജുവിന്റെ കുട്ടികൾ ഹൈദരാബാദിനെ പ്രതിരോധത്തിൽ ആക്കി. തന്റെ നൂറാം മത്സരത്തിൽ ക്യാപ്റ്റനായി ഇറങ്ങിയ സഞ്ജു സാംസൺ ആദ്യം മുതൽ തന്നെ ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന ക്യാപ്റ്റൻ തന്നെ ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഓപ്പണർമാരായ ബട്ട്‌ലറിന്റെയും (35), യശസ്വി ജയ്‌സ്വാളിന്റെയും (20) മികവിൽ മികച്ച സ്‌കോറിലേയ്ക്കു കുതിക്കുകയായിരുന്നു. രണ്ടു പേരെയും അതിവേഗം പുറത്താക്കിയ ഹൈദരാബാദ് എട്ടാം ഓവറിൽ പിടി മുറുക്കുകയാണ് തോന്നിച്ച ഘട്ടത്തിലാണ് രണ്ട് മലയാളി താരങ്ങൾ ഒന്നിച്ചത്. സഞ്ജുവും, ദേവദത്ത് പടിക്കലും ചേർന്ന് നടത്തിയ അസാമാന്യ പ്രകടനത്തിലൂടെ മത്സരം രാജസ്ഥാന്റെ കൈപ്പിടിയിലാക്കിയത്.
27 പന്തിൽ അഞ്ച് സിക്‌സ് സഹിതം സഞ്ജു 55 ഉം, 29 പന്തിൽ രണ്ട് സിക്‌സും നാലു ഫോറും സഹിതം ദേവ്ദത്ത് 41 റണ്ണും നേടി രാജസ്ഥാനെ മുന്നിൽ നിന്നു നയിച്ചു. ഹിറ്റ്‌മേയറും (32), പൂരാനും(12) ചേർന്ന് രാജസ്ഥാന്റെ വെടിക്കെട്ടടി നയിച്ചു. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഹൈദരാബാദിനെ ഒൻപത് റണ്ണെടുക്കുമ്പോഴേയ്ക്കും മൂന്ന് വിക്കറ്റ് നഷ്ടത്തിലേയ്ക്ക് രാജസ്ഥാൻ ബൗളർമാർ തള്ളി വിട്ടു. ട്രെന്റ് ബോൾഡും, പ്രദീഷ് കൃഷ്ണയും, ചഹലും ചേർന്നാണ് ഹൈദരാബാദിന്റെ ടോപ്പ് ഓർഡറിനെ തവിടു പൊടിയാക്കിയത്.
എട്ട് ഓവർ പൂർത്തിയാക്കിയപ്പോഴേയ്ക്കും 29 ന് നാല് എന്ന നിലയിലായിരുന്നു ഹൈദരാബാദ്. പിന്നീട് വാഷിങ്ടൺ സുന്ദരും (40) ഷെപ്പേർഡും (24) അവസാന പ്രതീക്ഷയായി പൊരുതിയ മാക്രവും (57) ചേർന്നാണ് ഹൈദരാബാദിനെ മാന്യമായ സ്‌കോറിൽ എത്തിച്ചത്.