മുംബൈ: ബട്ട്ലറുടെ ബാറ്റിങ് ആറാട്ടിന് മറുപടി നൽകി രാജസ്ഥാനെ തകർക്കാൻ കൊൽക്കത്തയിൽ ഒരു ബംഗാൾ കടുവയുണ്ടായിരുന്നില്ല. ബട്ലർ അടിച്ചൊതുക്കിയ കൊൽക്കത്തയെ, ഒരൊറ്റ ഓവർകൊണ്ട് തകർത്ത് തരിപ്പണമാക്കുകയായിരുന്നു ചഹൽ. പതിനാറാം ഓവറിൽ ഹാട്രിക് അടക്കം നാലു വിക്കറ്റുകൾ പിഴുതെടുത്ത് ചഹൽ കൊൽക്കത്തയെ കൊലക്കളത്തിലേയ്ക്കു തള്ളിവിട്ടു. തകർത്തടിച്ച് രാജസ്ഥാൻ ക്യാമ്പിനെ മൗനത്തിലേയ്ക്കു തള്ളിവിട്ട ശ്രേയസ് അയ്യറുടെ വിക്കറ്റ് അടക്കമാണ് രാജസ്ഥാൻ ബൗളർ ചഹൽ അഴിഞ്ഞാടിയത്. ആദ്യവസാനം നാടകീയമായ മത്സരത്തിൽ അവസാന ഓവറിലാണ് വിജയിയെ തീരുമാനിക്കാനായത്. ഏഴു റണ്ണിനായിരുന്നു രാജസ്ഥാന്റെ ഉജ്വല വിജയം.
സ്കോർ
രാജസ്ഥാൻ -217 –
കൊൽക്കത്ത – 201
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി ബട്ട്ലർ മാജിക്കാണ് അക്ഷരാർത്ഥത്തിൽ കളത്തിൽ കണ്ടത്. ടൂർണമെന്റിലെ രണ്ടാം സെഞ്ച്വറിയുമായി ജോസ് ബട്ലർ അഴിഞ്ഞാടിയപ്പോൾ 217 എന്ന ഗംഭീരൻ സ്കോറിലാണ് രാജസ്ഥാൻ ബാറ്റിംങ് അവസാനിപ്പിച്ചത്. 61 പന്തിൽ അഞ്ചു സിക്സും ഒൻപത് ഫോറുമായാണ് ബട്ലർ 103 റണ്ണെടുത്തത്. 18 പന്തിൽ 24 റണ്ണുമായി ദേവ് ദത്ത് പടിക്കലും, 19 പന്തിൽ രണ്ടു സിക്സ് സഹിതം 38 റണ്ണുമായി സഞ്ജു സാംസണും, 13 പന്തിൽ 26 റണ്ണുമായി ഹിറ്റ്മെയറും ബട്ട്ലറിന് വേണ്ട പിൻതുണ നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ വെടിക്കെട്ടടിയുമായി തുടക്കമിട്ടത്. ആരോൺ ഫിഞ്ച് തന്നെയായിരുന്നു. റണ്ണെടുക്കും മുൻപ് സുനിൽ നരൈനെ നഷ്ടമായെങ്കിലും, ശ്രേയസ് അയ്യരും ആരോൺ ഫിഞ്ചും ചേർന്ന് വെടിക്കെട്ട് ബാറ്റിംങിലൂടെ ടീമിനെ മുന്നോട്ട് നയിച്ചു. 51 പന്തിൽ 85 റണ്ണുമായി അയ്യരും, 28 പന്തിൽ 58 റണ്ണുമായി ഫിഞ്ചുമാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തത്. ഒരു ഘട്ടത്തിൽ കൊൽക്കത്ത അനായാസം വിജയിക്കുമെന്ന പ്രതീതി പോലും ലഭിച്ചു.
എന്നാൽ, 107 ൽ ഫിഞ്ചിനെ വീഴ്ത്തി പ്രസീദ് കൃഷ്ണ പ്രതീക്ഷ നൽകി. തൊട്ടുപിന്നാലെ അപകടകാരിയായ റസലിനെ റണ്ണൊന്നും എടുക്കും മുൻപ് ക്ലീൻ ബൗൾഡ് ചെയ്ത് അശ്വിൻ ടീമിന് വീണ്ടും ആവേശം ജനിപ്പിച്ചു. ഇതിനു ശേഷമായിരുന്നു കളിതന്നെ മാറ്റിമറിച്ച ചഹലിന്റെ ഓവറെത്തിയത്. ഓവറിന്റെ ആദ്യ പന്തിൽ വെങ്കിടേഷ് അയ്യറെ സഞ്ജു സ്റ്റമ്പ് ചെയ്തു പുറത്താക്കി. നാലാം പന്തിൽ അയ്യൻ വിക്കറ്റിനു മുന്നിൽ കുടുങ്ങി. തൊട്ടടുത്ത പന്തിൽ ശിവം മാവിയും, അവസാന പന്തിൽ പാറ്റ് കമ്മിൻസിനെ ക്യാപ്റ്റന്റെ കയ്യിൽ എത്തിക്കുക കൂടി ചെയ്തതോടെ ടീം വിജയം മണത്തു.
എന്നാൽ, പിന്നീട് എത്തിയ ഉമേഷ് യാദവ് ആറു പന്തിൽ 20 റണ്ണെടുത്ത് കളിയിൽ വീണ്ടും സമ്മർദത്തിന്റെ നിമിഷമുണ്ടാക്കി. ബോൾട്ടിനെ രണ്ടു സിക്സിനും ഒരു ഫോറിനും പറത്തിയാണ് ഉമേഷ് കളിയിൽ കൊൽക്കത്തയുടെ പ്രതീക്ഷകൾ സജീവമാക്കിയത്. അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് വേണ്ടത് 11 റണ്ണായിരുന്നു. ഒബീദ് മക്കോയ് എറിഞ്ഞ ആദ്യ പന്തിൽ രണ്ടു റണ്ണാണ് അടിച്ചെടുത്തത്. രണ്ടാം പന്തിൽ ജാക്സണെ പുറത്താക്കി മക്കോയ് വീണ്ടും പ്രതീക്ഷ നൽകി. തൊട്ടടുത്ത പന്തിൽ ഒരു സിംഗിൾ ഇട്ട് ചക്രവർത്തി ഉമേഷിന് സ്ക്രൈക്ക് കൈമാറി. പക്ഷേ, പത്തൊൻപതാം ഓവറിന്റെ നാലാം പന്തിൽ ഉമേഷിനെ ക്ലീൻ ബൗൾ ചെയ്തതോടെ കളി രാജസ്ഥാന്റെ കളത്തിലായി. ആദ്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ രാജസ്ഥാന് ഉജ്വല വിജയം.