ബംഗളൂരു: ബംഗളുവിലെ കേങ്ങേരിയില് 20 വയസുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവതി മരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 30 വയസുകാരിയാണ് മരിച്ചത്. അപകട ശേഷം വാഹനം നിർത്താതെ മുന്നോട്ട് പോയ യുവാവിനെയും സുഹൃത്തിനെയും തൊട്ടടുത്ത സിഗ്നലില്‍ വെച്ച് നാട്ടുകാർ പിടികൂടി മർദിച്ചു. തുടർന്ന് പൊലീസിന് കൈമാറുകയായിരുന്നു.
സൗത്ത് ബംഗളുരുവിലെ ഒരു സ്വകാര്യ സർവകലാശാലയില്‍ അഞ്ചാം സെമസ്റ്റർ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ ധനുഷ് പരമേശും സുഹൃത്തുമാണ് പിടിയിലായത്. ട്രാവല്‍ ഏജൻസി ഉടമയായ ധനുഷിന്റെ അച്ഛൻ അടുത്തിടെ വാങ്ങിയ പുതിയ ബെൻസ് കാറുമായി ഇരുവരും കറങ്ങാനിറങ്ങുകയായിരുന്നു. മൈസൂരു ഹൈവേയില്‍ ലോങ് ഡ്രൈവായിരുന്നു ലക്ഷ്യം. യശ്വന്ത്പൂരിനടുത്ത് ഡോ രാജ്കുമാർ റോഡിലെ ഒരു മാളില്‍ കയറിയ ഇവർ പിന്നീട് മദ്യപിച്ചു. അതിന് ശേഷമാണ് മൈസൂരൂ റോഡിലേക്ക് യാത്ര തുടർന്നത്. ജ്ഞാനഭാരതി ക്യാമ്പസിന് സമീപം റോഡിലുണ്ടായിരുന്ന സ്പീഡ് ബ്രേക്കർ യുവാവിന്റെ കണ്ണില്‍പെട്ടില്ല. അമിത വേഗത്തിലായിരുന്ന വാഹനം ഹമ്പില്‍ കയറിയിറങ്ങിയതോടെ നിയന്ത്രണം നഷ്ടമായി. ഈ സമയം റോഡില്‍ നില്‍ക്കുകയായിരുന്ന സന്ധ്യ ശിവകുമാർ എന്ന 30കാരിയെ കാർ ഇടിച്ചിട്ടു. എന്നാല്‍ അപകടമുണ്ടായ ശേഷം പരിക്കേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിക്കാതെ ഇരുവരും വാഹനവുമായി കടന്നുകളയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ മറ്റൊരു ബൈക്കിലും കാർ ഇടിച്ചു. ഈ ബൈക്ക് ഓടിച്ചയാളിനും പരിക്കേറ്റിട്ടുണ്ട്. അപകട സ്ഥലത്തു നിന്ന് കാറുമായി രക്ഷപ്പെടാൻ ഇവർക്ക് സാധിച്ചെങ്കിലും 500 മീറ്റർ അകലെ ഒരു സിഗ്നലില്‍ കാർ നിർത്തേണ്ടി വന്നു. സംഭവത്തിന് സാക്ഷിയായ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് അവിടെ വെച്ച് കാർ തടഞ്ഞ് ഇരുവരെയും പുറത്തിറക്കി മർദിച്ചു. പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. പരിക്കേറ്റ സന്ധ്യയെ നാട്ടുകാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ ധനുഷിനെ റിമാൻഡ് ചെയ്ത് ബംഗളുരു സെൻട്രല്‍ ജയിലിലേക്ക് അയച്ചു.