കൊച്ചി: സംസ്ഥാനത്ത് 175 പുതിയ മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബെവ്‌കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകകയായിരുന്നു കോടതി. പുതിയ ഔട്ട് ലെറ്റുകള്‍ ആരംഭിക്കണമെന്ന ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണെന്നും വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ ഒട്ടേറെ മദ്യവില്‍പനശാലകളില്‍ വാക്ക് ഇന്‍ സൗകര്യമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ കോടതിക്ക് മുന്നിലെത്തുന്നുണ്ടെന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യകത്മാക്കി.