അഹമ്മദാബാദ് : രാഷ്ട്രീയ പ്രതിസന്ധിയും നേതാക്കളുടെ കൊഴിഞ്ഞു പോക്കും തുടരുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുജറാത്തില്‍ പ്രവേശിക്കും. സംസ്ഥാനത്ത് നാലു ദിവസം 400-ലധികം കിലോമീറ്റര്‍ രാഹുല്‍ ഗാന്ധി പര്യടനം നടത്തും. രാജസ്ഥാനിലെ പൊതു സമ്മേളനത്തിന് ശേഷം ഉച്ചയോടെ ഗുജറാത്തിലെ ദഹോഡിലാണ് ജാഥ പ്രവേശിക്കുന്നത്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിവിധ ആദിവാസി വിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിക്കും. ഇന്ത്യ സഖ്യത്തിലെ ധാരണ പ്രകാരം ആംആദ്മി മത്സരിക്കുന്ന ഭറൂച്ചിലുടെയും ജാഥ കടന്നു പോകുന്നുണ്ട്. ഭാരത് ജോഡോയില്‍ പങ്കെടുക്കുമെന്ന് ആംആദ്മി ഗുജറാത്ത് നേതൃത്വം വ്യക്തമാക്കി.
സൂറത്തും നവ്സാരിയും കടന്ന് മാര്‍ച്ച് 10 ന് ജാഥ മഹാരാഷ്ട്രയിലെ നവ്ഗാമില്‍ പ്രവേശിക്കും. അതേസമയം ജോഡോ യാത്ര ഗുജറാത്തിലെത്തുമ്ബോള്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കെത്തും എന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു. പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞു പോക്കും സീറ്റ് വിഭജനത്തിലെ തർക്കങ്ങളിലും പെട്ട് ഉലയുകയാണ് ഗുജറാത്തിലെ കോണ്‍ഗ്രസ്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ മൂന്ന് പ്രധാന നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഭറൂച്ചടക്കം ലോക്സഭ സീറ്റ് വിഭജനത്തിലെ തർക്കങ്ങളും ഇതിനിടെ തലപൊക്കി. പ്രതിസന്ധി തുടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഗുജറാത്തില്‍ എത്തുന്നത്. പത്തു വർഷത്തിലധികമായി നിയമസഭ – ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കിട്ടാക്കനിയാണ് ഗുജറാത്ത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റം മാത്രമാണ് സമീപകാല ആശ്വാസം. 2014 ലും 19 ലും മോദി തരംഗത്തില്‍ ഗുജറാത്ത് പൂർണമായും ബിജെപിക്കൊപ്പം നിലയുറപ്പിച്ചു. ഗുജറാത്തില്‍ ഇത്തവണ അതിജീവനത്തിന്റെ പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇന്ത്യ സഖ്യമായാണ് മത്സരം. ഒരു കാലത്ത് കോട്ടയായിരുന്ന ഭറൂച്ചും ഭാവ്നഗറുമെല്ലാം ആംആദ്മിക്ക് നല്‍കി. ഭറൂച്ചില്‍ അഹമ്മദ് പട്ടേലിന്റെ കുടുംബം കലാപക്കൊടി ഉയര്‍ത്തിയെങ്കിലും തണുത്തു. പക്ഷെ തെരഞ്ഞെടുപ്പിനെ നയിക്കേണ്ട നേതാക്കള്‍ ഓരോരുത്തരായി ബിജെപി പാളയത്തിലേക്ക് ഒഴുകുകയാണ്. കൂറുമാറ്റം ബിജെപിയുടെ പണകൊഴുപ്പും അന്വേഷണ ഏജൻസികളെ വച്ചുളള വേട്ടയാടലും കൊണ്ടെന്നാണ് പാര്‍ട്ടി വിശദീകരണം. ഗുജറാത്തില്‍ മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസിനെ നയിച്ച അർജുൻ മോദ് വാദിയയാണ് പാര്‍ട്ടി വിട്ടവരില്‍ പ്രമുഖൻ. പ്രതിപക്ഷ നേതാവായും പാര്‍ട്ടി അധ്യക്ഷനായും കോണ്‍ഗ്രസിനൊപ്പം നാലു പതിറ്റാണ്ട് പ്രവര്‍ത്തിച്ച നേതാവ്. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് അംബരീഷ് ധര്‍, മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാ എംപിയുമായ നരണ്‍ രത്വ എന്നിവരും രണ്ടാഴ്ച്ചക്കിടെ പാര്‍ട്ടി വിട്ട നേതാക്കളാണ്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി ഗുജറാത്തില്‍ പ്രവേശിക്കാനിരിക്കെ രാമക്ഷേത്രത്തിലടക്കം കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത്.