ഭോപ്പൽ : മദ്ധ്യപ്രദേശിലെ ദിണ്ടോരിയില്‍ പിക്കപ്പ് വാഹനം തലകീഴായി മറിഞ്ഞ് പതിനാല് പേര് മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച അർദ്ധരാത്രി 1.30 ഓടെയായിരുന്നു അപകടം. പ്രദേശത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ഗ്രാമീണർ പിക്കപ്പില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിന് പിന്നാലെ വാഹനം തലകീഴായി മറിയുകയായിരുന്നു എന്നാണ് മനസിലാവുന്നതെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റവരെ നാട്ടുകാരും പൊലീസുകാരും ചേർന്ന് തൊട്ടടുത്തുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ദിണ്ടോരി ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. സംഭവത്തില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മികച്ച ലഭ്യമാക്കാനുള്ള നിർദേശം ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ട്. നടപടികള്‍ ഏകോപിപ്പിക്കാൻ ഒരു മന്ത്രിയെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.