കേരള ബോക്സ് ഓഫിസില്‍ ഇത് സിനിമകളുടെ നല്ല കാലമാണ്. നസ്ലെൻ നായകനായ പ്രേമലുവും മമ്മൂട്ടി ചിത്രം ഭ്രമയുഗവും വൻ കുതിപ്പാണ് നടത്തുന്നത്. പ്രേമലു സര്‍പ്രൈസ് വിജയമായപ്പോള്‍ ഭ്രമയുഗം സിനിമ പ്രതീക്ഷ ശരിവെച്ച് കത്തിക്കയറി. ഞായറാഴ്ച കേരളത്തില്‍ നിന്ന് 3.52 കോടി രൂപ നേടി നസ്ലെൻ നായകനായ പ്രേമലു മുന്നേറിയപ്പോള്‍ മമ്മൂട്ടിയുടെ ഭ്രമയുഗം 3.4 കോടി രൂപ നേടി തൊട്ടുപിന്നിലായി. എന്നാല്‍ ഭ്രമയുഗം ബോക്സ് ഓഫീസ് കളക്ഷനില്‍ അമ്പരിപ്പിക്കുന്ന കുതിപ്പാണ് നടത്തുന്നത്. ഭ്രമയുഗം ആഗോളതലത്തില്‍ ആകെ 31 കോടി രൂപയില്‍ അധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരളത്തിനു പുറത്തും മമ്മൂട്ടി ചിത്രത്തിന് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്. കേരളത്തില്‍ നിന്ന് മാത്രമായി 11.85 കോടി രൂപയാണ് ഭ്രമയുഗത്തിന് ആകെ നേടാനായത്. പ്രേമലുവുമാകട്ടെ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുകയാണ്. യുവ പ്രണയത്തിന്റെ പുതിയ കാല കഥ പ്രമേയമായ പ്രേമലുവിന് തമാശ ഴോണര്‍ ഒരു അനുകൂല ഘടകമായി മാറുന്നു.
പ്രണയം ഫ്രഷായി അവതരിപ്പിക്കുന്നുവെന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരുടെ പൊതു അഭിപ്രായം എന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് പ്രേമലു അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി 22.36 കോടി രൂപയാണ് പ്രേമലു നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഭ്രമയുഗമെത്തിയിട്ടും നസ്ലെൻ അടക്കമുള്ള യുവ താരങ്ങളുടെ പ്രേമലു വൻ നേട്ടമുണ്ടാക്കുന്നു എന്നത് പ്രേക്ഷകരെ അമ്ബരിപ്പിക്കുകയാണ്. മമിതയാണ് പ്രേമലുവില്‍ നായികയായി എത്തിയത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവര്‍ ഗിരീഷ് എ ഡിയുടെ പ്രേമലുവില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു.