ന്യൂഡൽഹി: ഇന്ത്യയുമായി വളരെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ. വ്യക്തിത്വ രൂപീകരണത്തിലുള്‍പ്പെടെ ഈ രാഷ്‌ട്രം തന്നെ സഹായിച്ചിട്ടുണ്ടെന്നും, ജീവിതത്തിലെ പ്രധാനപ്പെട്ട വർഷങ്ങള്‍ ഇന്ത്യയിലാണ് കഴിഞ്ഞതെന്നും ഷെറിങ് ടോബ്‌ഗേ പറയുന്നു. താൻ ഇന്ത്യയിലാണ് ജനിച്ചത് എന്ന രഹസ്യവും അദ്ദേഹം പങ്കുവയ്‌ക്കുന്നു.
” ഞാൻ ഇപ്പോള്‍ രഹസ്യം വെളിപ്പെടുത്താം. എന്റെ ഭൂട്ടാനിലുള്ള സഹപ്രവർത്തകർക്ക് പോലും അറിയാത്ത കാര്യമാണത്. ഞാൻ ജനിച്ചത് ഇന്ത്യയിലാണ്. 1965ല്‍ കലിംപോഗിലാണ് എന്റെ ജനനം. എന്റെ അച്ഛൻ ആ സമയം അവിടെയാണ് ജോലി ചെയ്തിരുന്നത്. എന്റെ രാജ്യത്തേയും രാജാവിനേയും സേവിക്കാൻ എന്നെ രൂപപ്പെടുത്തിയത് പിറ്റ്‌സ്ബർഗോ, ഹാർവാർഡോ അല്ല, മറിച്ച് ബംഗാളിലെ കലിംപോഗിലുള്ള ഡോ.ഗ്രഹാമിന്റെ വീട് ആയിരുന്നു. 11 വർഷം ഞാൻ ഇന്ത്യയില്‍ തന്നെയാണ് കഴിഞ്ഞത്. ഭൂട്ടാനില്‍ അന്നത്തെ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവായതിനാല്‍ ഭൂട്ടാനിലുള്ള നിരവധി പേർ വിദ്യാഭ്യാസം തേടി ഇന്ത്യയിലെത്തിയിരുന്നു. അവരെ പോലെ നഴ്‌സറി മുതല്‍ പത്താം ക്ലാസ് ഞാനും ഇന്ത്യയിലാണ് പഠിച്ചത്. ഒടുവില്‍ ഞങ്ങള്‍ അവിടെ സ്‌കൂളുകള്‍ സ്ഥാപിച്ചപ്പോള്‍, ഇന്ത്യയില്‍ നിന്നുള്ള അദ്ധ്യാപകർ അവിടെ പഠിപ്പിക്കാനായി എത്തിയിരുന്നു. ഓരോ അദ്ധ്യാപകരും ഞങ്ങളെ നന്നായി പഠിപ്പിച്ചുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം അതിന് ശേഷം രാജ്യത്തേക്ക് തിരികെ മടങ്ങി രാജ്യത്തേയും ജനങ്ങളേയും നന്നായി സേവിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്” ഷെറിങ് ടോബ്‌ഗേ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഗോള വേദികളില്‍ ഇന്ത്യയ്‌ക്ക് വർദ്ധിച്ച് വരുന്ന സ്വാധീനത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, 21ാം നൂറ്റാണ്ട് ഇന്ത്യയുടേയതായി മാറിയെന്നും പ്രശംസിച്ചു. ” ലോകത്തിന് ഇന്ത്യയെ ആവശ്യമുള്ള കാലഘട്ടമാണിത്. ഈ നൂറ്റാണ്ട് ഇന്ത്യയുടേതായി മാറാൻ പല കാരണങ്ങളുമുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ സാമ്പത്തിക ശേഷി എന്നത് അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്. കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്.
ഇപ്പോഴത് 3 ട്രില്യണ്‍ യുഎസ് ഡോളർ കടന്നിരിക്കുകയാണ്. ഒരു പക്ഷേ കൊറോണ മഹാമാരി ഇല്ലായിരുന്നുവെങ്കില്‍ അത് 5 ട്രില്യണ്‍ യുഎസ് ഡോളർ കടക്കുമായിരുന്നു. നേതൃപാടവമാണ് മറ്റൊന്ന്. ഇന്ത്യയുടെ നേതൃത്വത്തേയും, ആ നേതൃത്വത്തില്‍ ഓരോ രാജ്യങ്ങളും അർപ്പിക്കുന്ന വിശ്വാസവും ചെറിയ കാര്യമല്ല. ആഗോള നേതാവെന്ന നിലയില്‍ ഇന്ത്യ എത്തിയത് നിസാരമല്ല. വരും വർഷങ്ങളിലും സമാനമായ മുന്നേറ്റമായിരിക്കും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും” അദ്ദേഹം പറയുന്നു.