ന്യൂഡൽഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ കുറ്റവാളികളായ 11 പേരും ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി. വിളവെടുപ്പ് കാലം, മകന്റെ വിവാഹം തുടങ്ങി പലകാരണങ്ങള്‍ നിരത്തി കീഴടങ്ങാൻ കൂടുതല്‍ സമയം തേടി അവർ സമർപ്പിച്ച ഹർജികള്‍ കോടതി തള്ളി. പ്രതികള്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ പരിഗണിച്ച് സമയം അനുവദിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജനുവരി 21-നകം തന്നെ 11 പേരും ജയില്‍ അധികൃതർക്ക് മുമ്പാകെ കീഴടങ്ങണമെന്നും വ്യക്തമാക്കി.
ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, ഉജ്ജല്‍ ഭുയാൻ എന്നിവരുടെ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്. കുറ്റവാളികളെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സർക്കാർ നടപടി റദ്ദാക്കിയ സുപ്രീംകോടതി ഇവരോട് രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കീഴടങ്ങാനുള്ള സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് നിരവധി ഹർജികളാണ് സുപ്രീം കോടതിയില്‍ എത്തിയത്. കീഴടങ്ങാനുള്ള സമയം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രതികള്‍ സമയം നീട്ടി ചോദിച്ചുകൊണ്ട് കോടതിയെ സമീപിച്ചത്.