തിരുവനന്തപുരം : വിദേശ സർവ്വകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി മാത്യു കുഴല്നാടൻ എംഎല്‍എ. നോർക്കയുടെ മൈഗ്രേഷൻ സർവ്വേയില്‍ കഴിഞ്ഞ 5 വർഷത്തിനുള്ളില്‍ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നുമാണ് കുഴല്‍നാടൻ്റെ ആവശ്യം. എന്നാല്‍ ഇതിന് മന്ത്രി ആർ ബിന്ദു മറുപടി നല്കി. സ്റ്റുഡൻസ് മൈഗ്രേഷൻ ഒരു ആഗോള പ്രതിഭാസമാണെന്ന് ആർ ബിന്ദു പ്രതികരിച്ചു.
ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറഞ്ഞ വിദ്യാർത്ഥി കുടിയേറ്റം കേരളത്തിലാണ്. ഇന്ത്യയിലെ ആകെ കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണ്. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകർഷിക്കുന്ന ഘടകം. കേരളത്തിലെ സർവകലാശാലകള്‍ക്ക് ഒരു തകർച്ചയുമില്ല. രാജ്യാന്തര തലത്തില്‍ സർവ്വകലാശാലയുടെ കീർത്തി വർദ്ധിക്കുകയാണ്. വിദ്യാർത്ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.