അമ്പലപ്പുഴ: പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു. പുറക്കാട് അറുപതില്‍ചിറ ജോസഫ് ചെറിയാന്റെ രണ്ടരമാസം പ്രായമുള്ള താറാവിന് കുഞ്ഞുങ്ങളാണ് കൂട്ടത്തോടെ ചത്തത്. പക്ഷിപ്പനി സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സാംപിള്‍ വിശദ പരിശോധനക്ക് തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഡിസീസ് കേന്ദ്രത്തിലേക്ക് അയച്ചു. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് 13500 താറാവിന് കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയത്. ഫലം വൈകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. എസ് ലേഖ പറഞ്ഞു.
കഴിഞ്ഞ ആഴ്ച മുതല്‍ താറാവുകള്‍ ചത്തുതുടങ്ങിയിരുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി കുത്തിവെപ്പും മരുന്നും നല്‍കിയെങ്കിലും ഫലിച്ചില്ല. ഇനി നാലായിരത്തോളം താറാവുകളാണ് ബാക്കിയുള്ളത്. അവയും തൂങ്ങി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇയാളുടെ 10000ത്തോളം താറാവുകള്‍ ചത്തിരുന്നു.