തിരുവനന്തപുരം: പാലോട് ബിവറേജസ് ഔട്ട് ലെറ്റില്‍ മോഷണം. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ സ്ഥാപനത്തിലെ സിസിടിവി ക്യാമറയുടെ ഡിവിആറും മോണിറ്ററുമടക്കമാണ് അടിച്ച് മാറ്റിയത്. ഔട്ട് ലെറ്റില്‍ നിന്ന് മോഷണം പോയ മദ്യകുപ്പികളുടെ എണ്ണം ഇതുവരെ കണക്കാക്കിയിട്ടില്ല. പാലോട് പാണ്ഡ്യൻ പാറ വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദേശ മദ്യ ഷോപ്പില്‍ ആണ് മോഷണം നടന്നത്. ഇന്നലെ ബിവറേജസ് അവധി ആയിരുന്നതിനാല്‍ ഇന്ന് രാവിലെ 10 മണിയോടെ സ്ഥാപനം തുറക്കാൻ മാനേജർ എത്തിയപ്പോഴാണ് ഷട്ടറിൻ്റെ പൂട്ട് തകർത്ത നിലയില്‍ കണ്ടെത്തിയത്.
സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും മോഷണം പോയതായി ജീവനക്കാർ പറയുന്നു. മദ്യ കുപ്പികള്‍ വലിച്ച് വാരി വിതറിയ നിലയില്‍ ആയിരുന്നു. സ്റ്റോക്കിന്റെ കണക്ക് എടുത്താല്‍ മാത്രമേ എത്ര മദ്യക്കുപ്പികള്‍ മോഷണം പോയി എന്ന് അറിയാൻ കഴിയൂ എന്നാണ് ജീവനക്കാർ പറയുന്നത്. മദ്യം നിലത്ത് ഒഴിച്ച് കളഞ്ഞിട്ടുള്ളതായും ജീവനക്കാർ പറഞ്ഞു. സ്ഥാപനത്തിലെ കമ്ബ്യൂട്ടർ ഉള്‍പ്പടെ ഉപകരണങ്ങളുടെ കേബിളുകള്‍ എല്ലാം ഊരി ഇട്ട നിലയിലാണ്. പാലോട് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരല്‍ അടയാള വിദഗ്ധർ ഉള്‍പ്പടെയുള്ളവർ സ്ഥലത്ത് എത്തി പരിശോധന നടത്തും.