പാലക്കാട് : ബിജെപി വെറുപ്പ് മാത്രം ഉല്പാദിപ്പിക്കുന്ന ഫാക്ടറിയാണെന്ന് മുൻ ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ നടത്തിയ വാർത്തസമ്മേളനത്തിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം. സ്വന്തമായി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലാതെ താൻ ബി.ജെ.പിയില്‍ വീർപ്പുമുട്ടി കഴിയുകയായിരുന്നു. സ്നേഹത്തിന്റെ കടയില്‍ താൻ അംഗത്വം എടുക്കുകയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. 14 ജില്ലകളില്‍ താൻ ബി.ജെ.പിക്ക് വേണ്ടി പ്രസംഗിച്ചിട്ടുണ്ട്.
ചാനല്‍ ചർച്ചകളില്‍ ബി.ജെ.പിയെ പ്രതിരോധിക്കാൻ ഭാഷയുടെ സാധ്യതകളെല്ലാം താൻ ഉപയോഗിച്ചിട്ടുണ്ട്. താൻ കോണ്‍ഗ്രസില്‍ എത്താൻ കാരണം കെ.സുരേന്ദ്രനും കൂട്ടാളികളുമാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കാരണമാണ് താൻ പാർട്ടിവിട്ടത്. കൊടകര കുഴല്‍പ്പണ കേസും കരുവന്നൂർ ബാങ്ക് തമ്മില്‍ അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബലിദാനികളെ ഉപയോഗിച്ച് മുതലെടുപ്പ് നടത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്നും സന്ദീപ് വാര്യർ ആരോപിച്ചു. പാലക്കാട് ശ്രീനിവാസൻ വധക്കേസില്‍ 17 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ഒറ്റുകാരന്റെ റോള്‍ ചേരുന്നത് ബി.ജെ.പിയില്‍ ഉള്ളവർക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ ചേർന്നു. സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ ചേർന്നത്. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തില്‍ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തില്‍, കോണ്‍ഗ്രസ് നേതാക്കള്‍ സന്ദീപിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു.