ചെന്നൈ: അണ്ണാ സർവ്വകലാശാല കാമ്പസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി ബിജെപി. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സ്റ്റാലിൻ സർക്കാർ പരാജയപ്പെട്ടുവെന്ന് ബിജെപി ആരോപിച്ചു. സർക്കാരിനെതിരെ ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ച പ്രവർത്തകരെ സ്റ്റാലിൻ പൊലീസ് അറസ്റ്റ് ചെയ്തു.
കാമ്പസിനുള്ളില്‍ പോലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ ചൂണ്ടിക്കാട്ടി. തമിഴ്‌നാട് സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത നാടായി മാറിയെന്നും അണ്ണാമലൈ ആരോപിച്ചു. വള്ളുവർകോട്ടത്ത് രാവിലെ 10 മണിയോടെയാണ് മുൻ ഗവർണറും ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷയുമായ തമിഴിസൈ സൗന്ദരരാജന്റെ നേതൃത്വത്തില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഞങ്ങളുടെ ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമമെന്നും അങ്ങേയറ്റം നിഷ്ഠൂരമായ നടപടിയാണെന്നും തമിഴിസൈ സൗന്ദരരാജൻ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നിതിനിടെ മാദ്ധ്യമങ്ങളോട് പറഞ്ഞു.