തിരുവനന്തപുരം : പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖരൻ. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുമുന്പാണു ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി തിരുവനന്തപുരം മണ്ഡലം എൻഡിഎ സ്ഥാനാർഥിയും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖരൻ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.തന്റെ 18 വർഷം നീണ്ട പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണ്.
ഇതിനിടയിൽ മൂന്നു വർഷം രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ ഒരു അംഗമായി പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ ഒരു സ്ഥാനാർഥി എന്ന നിലയിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെ തന്നെ ചെയ്യാൻ നിർബന്ധിതനാവുകയാണ്.ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും, എന്നെ പിന്തുണച്ച എല്ലാവർക്കും, പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റ് അവസാനിപ്പിച്ചു. ബിജെപി പ്രവർത്തകൻ എന്ന നിലയിൽ ഇനിയും പാർട്ടി പ്രവർത്തനം നടത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.