മന്ത്രവാദത്തിന്റെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പനമരം പോലീസ് കേസെടുത്തു. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയും മന്ത്രവാദിയുമായ സയ്യിദ് മുഹമ്മദ് ബാദുഷ തങ്ങള്‍(48), ഇയാളുടെ സഹായികളായ അഞ്ചുകുന്ന് സ്വദേശികളായ ആസിയ ബീവി (45),മജീദ് (52) മൊയ്തീന് (55) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഡിസംബര്‍ ആദ്യവാരമാണ് സംഭവം. പരാതിക്കാരിയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ മദ്യപാന സ്വഭാവം പ്രാര്‍ത്ഥനയിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞാണ് പരാതിക്കാരിയെയും സഹോദരിമാരെയും രണ്ടാം പ്രതിയായ ആസിയയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. മറ്റ് പ്രതികളുടെ ഒത്താശയോടെ ഒന്നാം പ്രതിയായ ബാദുഷ തങ്ങള്‍ ഇവരെ ലൈംഗിക താല്‍പ്പര്യത്തോടെ ബലപ്രയോഗം നടത്തി പീഡിപ്പിക്കുവാന്‍ ശ്രമിച്ചു എന്നാണ് പരാതി. കൂടാതെ പരാതിക്കാരിയില്‍ നിന്നും അമ്പതിനായിരം രൂപ തട്ടിയെടുത്തായും പരാതിയില്‍ പറയുന്നുണ്ട്.