നടി ഹണി റോസിന്റെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി. 3.30ന് ജാമ്യ ഉത്തരവ് പുറത്തിറങ്ങും. ഉപാധികള്‍ എന്തൊക്കെ എന്നത് വ്യക്തമാകുക ഉത്തരവില്‍. ബോബി കുറ്റം ചെയ്തില്ലെന്ന് പറയാനില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം. ബോബി ചെമ്മണ്ണൂരിന്‍റെ പരാമര്‍ശത്തില്‍ ദ്വയാര്‍ഥം ഇല്ലെന്ന് പറയാനാകില്ലെന്നും കോടതി. ഹണി റോസിന് അസാമാന്യമികവൊന്നും ഇല്ലെന്ന ജാമ്യാപേക്ഷയിലെ പരാമര്‍ശത്തിനും വിമര്‍ശനം. പരാമര്‍ശം പിന്‍വലിച്ച് ബോബിയുടെ അഭിഭാഷകന്‍ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
താൻ നിരപരാധിയാണെന്നും, തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് ബോബി ചെമ്മണ്ണൂര്‍ കോടതിയില്‍ വാദിച്ചത്. ഉത്തരവ് ജയിലിലെത്തിച്ചാല്‍ ബോബിക്ക് പുറത്തിറങ്ങാം. തനിക്കെതിരെ തുടർച്ചയായി ലൈംഗികാധിക്ഷേപവും അപകീർത്തികരവുമായ പരാമർശങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹണി റോസിന്റെ പരാതിയിലാണ് കഴിഞ്ഞ ബുധനാഴ്ച വയനാട്ടുനിന്ന് ബോബിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബോബിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കേസിൽ അടിയന്തര പ്രാധാന്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച മുതൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി.