ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി സന്ദേശം. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ അന്വേഷണ ഏജൻസികള്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഈ മാസം ഒൻപതാം തിയതിയും സമാനമായ രീതിയില്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇ മെയില്‍ മുഖേനയാണ് സന്ദേശങ്ങള്‍ ലഭിച്ചത്.
അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
പശ്ചിമ വിഹാറിലെ ഭട്നഗർ ഇന്റർനാഷണല്‍ സ്‌കൂള്‍, ശ്രീ നിവാസ്പുരിയിലെ കേംബ്രിഡ്ജ് സ്‌കൂള്‍, കൈലാഷിലെ ഡിപിസ്‌കൂള്‍ അമർ കോളനി എന്നിവിടങ്ങളിലാണ് ഇക്കുറി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതെന്ന് ഡല്‍ഹി ഫയർ സർവീസസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിവരം ലഭിച്ചതിന് പിന്നാലെ ഫയർഫോഴ്‌സും, പൊലീസും, ബോംബ് ഡിറ്റക്ഷൻ ടീമും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാലയങ്ങളിലേക്ക് ഇന്ന് വിദ്യാർത്ഥികളെ അയക്കേണ്ടതില്ലെന്ന് സ്‌കൂള്‍ അധികൃതർ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. ഭീഷണി സന്ദേശം ലഭിച്ച സ്‌കൂളുകളില്‍ ഇപ്പോഴും പരിശോധന തുടരുകയാണ്. തുടർച്ചയായി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിലും ഡല്‍ഹിയില്‍ വിവിധ സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സ്‌കൂളുകള്‍ ബോംബ് വച്ച് തകർക്കുമെന്ന് 250ലധികം സ്‌കൂളുകള്‍ക്കാണ് സന്ദേശം ലഭിച്ചത്. ഈ സന്ദേശങ്ങളും വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.