കോളേജിലെ ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി ബോംബൈ ഹൈക്കോടതി

മുംബൈ : കോളേജ് ക്യാമ്പസില്‍ ഹിജാബ്, നിഖാബ്, ബുർഖ, തൊപ്പി എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയതിനെതിരായ ഹർജി ബോംബൈ ഹൈക്കോടതി തള്ളി. മുംബൈയിലെ എൻ.ജി ആചാര്യ ആന്റ് ഡി.കെ മറാത്തെ കോളേജ് മാനേജ്മെന്റിനെതിരെയാണ് ഒൻപത് വിദ്യാർത്ഥിനികള്‍ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് എ.എസ് ചന്ദുർകർ, ജസ്റ്റിസ് രാജേഷ് പാട്ടില്‍ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്. കോളേജ് മാനേജ്മെന്റിന്റെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ചെമ്പൂർ ട്രോംബൈ എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴില്‍ പ്രവ‍ർത്തിക്കുന്ന മുംബൈയിലെ എൻ.ജി ആചാര്യ ആന്റ് ഡി.കെ മറാത്തെ കോളേജ് മാനേജ്മെന്റിനെതിരെ കോളേജിലെ രണ്ടും മൂന്നും വ‍ർഷ ബിരുദ വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്. കാമ്പസിനുള്ളില്‍ ഹിജാബ്, നിഖാബ്, ബുർഖ, സ്റ്റോള്‍, തൊപ്പി എന്നിവ ധരിക്കുന്നത് വിലക്കിക്കൊണ്ട് കോളേജ് മാനേജ്മെന്റ് ഡ്രസ് കോഡ് അടിച്ചേല്‍പ്പിക്കുന്നുവെന്നും ഇത് മതപരമായ ജീവിതം നയിക്കാനും, സ്വകാര്യത സംരക്ഷിക്കാനും, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുമുള്ള തങ്ങളുടെ മൗലിക അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു ഹർജി.

Advertisements

അതേസമയം ഡ്രസ് കോ‍ഡ് ഏർപ്പെടുത്തിയ നടപടി കോളേജിന്റെ അച്ചടക്കം സംബന്ധമായതാണെന്നും അത് മുസ്ലിം സമുദായത്തിന് എതിരല്ലെന്നും മാനേജ്മെന്റ് കോടതിയെ അറിയിച്ചു. എല്ലാ മതത്തിലും ജാതിയിലും പെട്ടവർക്ക് അത് ബാധകമാണെന്നായിരുന്നു കോളേജിന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. സമാനമായ കേസില്‍ നേരത്തെ കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ‘ഹിജാബ് അല്ലെങ്കില്‍ നിഖാബ് ധരിക്കേണ്ടത് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മതപരമായ നിർബന്ധമല്ലെന്ന്’ പ്രസ്താവിച്ചത് കോടതി പരാമർശിച്ചു. കുട്ടികളുടെ മതപരമായ അടയാളങ്ങള്‍ വ്യക്തമാവാതിരിക്കാനാണ് മാനേജ്മെന്റ് ഡ്രസ് കോഡ് ഏർപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. അതേസമയം കോളേജിന്റെ നടപടി യുജിസി ചട്ടങ്ങള്‍ക്കും, റൂസ, ദേശീയ വിദ്യാഭ്യാസ നയം എന്നിവയ്ക്കും വിരുദ്ധമാണെന്ന് വിദ്യാർത്ഥിനികളുടെ അഭിഭാഷകൻ വാദിച്ചെങ്കിലും ഈ ചട്ടങ്ങളെല്ലാം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവേചനരഹിതമായ അന്തരീക്ഷം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.