അഡ്ലെയ്ഡ് : ബോർഡർ ഗവാസ്കർ ട്രോഫിയിലെ ബോക്സിങ്ങ് ഡേ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. 184 റണ്ണിനാണ് ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിങ്സിൽ 340 റണ്ണിൻ്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് 155 റൺ മാത്രമാണ് നേടാനായത്. പന്ത് – ജയ്സ്വാൾ സഖ്യം ക്രീസിലുണ്ടായിരുന്നപ്പോൾ മാത്രമാണ് ഇന്ത്യയ്ക്ക് സമനില പ്രതീക്ഷ എങ്കിലും ഉണ്ടായിരുന്നത്. സ്കോർ – ഓസ്ട്രേലിയ – 474. 234. ഇന്ത്യ – 369, 155പതിവ് പോലെ ഇന്ത്യയുടെ മുൻ നിര വൻ പരാജയം ആയിരുന്നു.
രോഹിത് (9) , കോഹ്ലി (5) , രാഹുൽ (0) എന്നിവർ 33 റൺ എടുക്കുന്നതിനിടെ മടങ്ങി. പന്തും (30), ജയ്സ്വാളും (84) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇരുവരും ചേർന്ന് 88 റണ്ണിൻ്റെ കുട്ടുകെട്ടാണ് ഉണ്ടാക്കിയത്. പന്ത് 121ൽ വീണതോടെ പിന്നാലെ കുട്ടത്തകർച്ചയും തുടങ്ങി. 127 ൽ ജഡേജ (2), 130 ൽ നിതീഷ് കുമാർ റെഡി (1) , 140 ൽ ജയ്സ്വാൾ എന്നിവരും വീണു. 150 ൽ ആകാശ് ദീപും (7) , 154 ൽ ബുംറയും (0) , 155 ൽ സിറാജും (0) വീണതോടെ ഇന്ത്യൻ പ്രതിരോധം അവസാനിച്ചു. 45 പന്തിൽ അഞ്ച് റണ്ണുമായി വാഷിങ്ങ്ടൻ സുന്ദർ പുറത്താകാതെ നിന്നു. തോൽവിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ പ്രതീക്ഷകൾ അസ്ഥാനത്തായി.