പെർത്ത് : ന്യൂസിലൻഡിനെതിരെ 0-3 എന്ന നാണംകെട്ട വൈറ്റ്‌വാഷ് ഇന്ത്യയെ വലിയ പ്രശ്നത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. 12 വർഷത്തിന് ശേഷം ഹോം ടെസ്റ്റ് പരമ്പരയില്‍ തോറ്റു എന്നതിനേക്കാള്‍ ഉപരി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലില്‍ എത്താനുള്ള ഇന്ത്യയുടെ സാധ്യതകളെ തോല്‍വി നശിപ്പിച്ചിരിക്കുകയാണ്. നവംബർ 22-ന് പെർത്തില്‍ ആരംഭിക്കുന്ന പരമ്പര ഇന്ത്യയ്ക്ക് ഒന്നിലധികം വെല്ലുവിളികളാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ഗില്ലിന്റെയും അഭാവം എങ്ങനെ ഇന്ത്യയെ ബാധിക്കുമെന്നുള്ളത് കണ്ടറിയണം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ എത്താൻ പരമ്പരയിലെ നാല് മത്സരങ്ങള്‍ എങ്കിലും ഇന്ത്യക്ക് ജയിക്കണം.ഓസ്‌ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ആദ്യ ടെസ്റ്റില്‍ കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും ഓപ്പണർമാരായി കളിച്ചേക്കും. ആഭ്യന്തര ക്രിക്കറ്റിലടക്കം മികച്ച ഫോമില്‍ കളിച്ചു വന്ന ദേവദത്ത് പടിക്കല്‍ മൂന്നാം നമ്പറിലും സൂപ്പർ താരം വിരാട് കോഹ്‌ലി നാലാം നമ്ബറിലും ഇറങ്ങും. ഋഷഭ് പന്ത് ആയിരിക്കും അഞ്ചാം നമ്പറില്‍ ഇറങ്ങുക. എ ടീമിന് വേണ്ടി രണ്ടാം അനൗദ്യോഗിക ടെസ്റ്റ് കളിച്ച ധ്രുവ് ജുറലിനെ ആറാം നമ്പറില്‍ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ഉള്‍പ്പെടുത്തിയേക്കും.ടീമിലെ സ്പെഷ്യലിസ്റ് ഓള്‍ റൗണ്ടർമാരായി രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും നിതീഷ് കുമാർ റെഡ്‌ഡി എട്ടാം നമ്പറിലും ഇറങ്ങും. പേസ് ബോളിങ് അറ്റാക്കിനെ നയിക്കുന്നത് ജസ്പ്രീത് ബുംറ ആയിരിക്കും. ബുംറക്ക് കൂട്ടായി മുഹമ്മദ് സിറാജ്, ഹർഷിത് റാണാ എന്നിവരും ഉണ്ടാകും.