ബോർഡർ ഗവാസ്കർ ട്രോഫി കൈ വിട്ട് ഇന്ത്യ ; സിഡ്നിയിലും ഇന്ത്യയ്ക്ക് തോൽവി

സിഡ്‌നി: 2015നു ശേഷം ആദ്യമായി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൈവിട്ടിരിക്കുകയാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരേയുള്ള നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെ ആറു വിക്കറ്റിന്റെ വലിയ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്.ഈ തോല്‍വിയോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 1-3നു നഷ്ടമവുക മാത്രമല്ല ഇന്ത്യയുടെ ഡബ്ല്യുടിസി ഫൈനല്‍ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. കലാശപ്പോരില്‍ ഓസീസും സൗത്താഫ്രിക്കയും തമ്മില്‍ കൊമ്ബുകോര്‍ക്കും.162 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യ വച്ചത്. പരിക്കുകാരണം സ്റ്റാര്‍ പേസറും ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറയ്ക്കു രണ്ടാമിന്നിങ്‌സില്‍ ബൗളിങില്‍ വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ തന്നെ ഇന്ത്യയുടെ വിധി കുറിക്കപ്പെട്ടിരുന്നു.

Advertisements

നാലു വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്കായെങ്കിലും ട്രാവിസ് ഹെഡും (34*) ബ്യു വെബ്സ്റ്ററും (39*) ചേര്‍ന്ന് ഓസീസിന്റെ വിജയ റണ്‍സ് കുറിക്കുകയായിരുന്നു.സാം കോണ്‍സ്റ്റാസ് (22), ഉസ്മാന്‍ ഖവാജ (41), മാര്‍നസ് ലബ്യുഷെയ്ന്‍ (6), സ്റ്റീവ് സ്മിത്ത് (4) എന്നിവരെയാണ് ഇന്ത്യ മടക്കിയത്. 60 റണ്‍സിനിടെ മൂന്നു വിക്കറ്റ് പിഴുതപ്പോള്‍ ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കളി കൈവിട്ടു പോവുകയായിരുന്നു. ബൗളിങില്‍ ബുംറയുടെ അഭാവം ഇന്ത്യയെ ശരിക്കും ബാധിക്കുകയും ചെയ്തു. പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റുകള്‍ പിഴുതപ്പോള്‍ മുഹമ്മദ് സിറാജില്‍ നിന്നും മതിയായ പിന്തുണ കിട്ടിയില്ല. ഒരു വിക്കറ്റ് മാത്രമേ അദ്ദേഹം നേടിയുള്ളൂ.നേരത്തേ നാലു റണ്‍സിന്റെ നേരിയ ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ വെറും 157 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 61 റണ്‍സെടുത്ത റിഷഭ് പന്തിനു മാത്രമേ ഓസീസ് പേസാക്രമണത്തിനു മുന്നില്‍ മറുപടിയുണ്ടായിരുന്നുള്ളൂ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച റിഷഭ് വെറും 33 ബോളിലാണ് 61 റണ്‍സിലെത്തിയത്. ആറി ഫോറുകളും നാലു സിക്‌സറുമുള്‍പ്പെടെയാണിത്. ഇന്ത്യന്‍ നിരയില്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്. 35 ബോളില്‍ നാലു ഫോറടക്കം 22 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. ബാക്കിയുള്ളവരൊന്നും ഓസീസ് ബൗളിങിനെതിരേ പിടിച്ചുനിന്നില്ല.കെഎല്‍ രാഹുല്‍ (13), ശുഭ്മന്‍ ഗില്‍ (13), വിരാട് കോലി (6), രവീന്ദ്ര ജഡേജ (13), നിതീഷ് റെഡ്ഡി (4), വാഷിങ്ടണ്‍ സുന്ദര്‍ (12), മുഹമ്മദ് സിറാജ് (4), ജസ്പ്രീത് ബുംറ (0), പ്രസിദ്ധ് കൃഷ്ണ (1*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ആറു വിക്കറ്റിനു 141 റണ്‍സെന്ന നിലയിലാണ് അഞ്ചാം ദിനം ഇന്ത്യ രണ്ടാമിന്നിങ്‌സ് പുനരാരംഭിച്ചത്.

എന്നാല്‍ 16 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്ബോഴേക്കും ശേഷിച്ച നാലു വിക്കറ്റുകളും ഇന്ത്യക്കു നഷ്ടമാവുകയായിരുന്നു.ആറു വിക്കറ്റുകള്‍ കടപുഴക്കിയ ഫാസ്റ്റ് ബൗളര്‍ സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യയുടെ അന്തകനായി മാറിയത്. 16.5 ഓവറില്‍ അഞ്ചു മെയ്ഡനടക്കം 45 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം ആറു പേരെ മടക്കിയത്. മൂന്നു വിക്കറ്റുകള്‍ പിഴുത നായകന്‍ പാറ്റ് കമ്മിന്‍സ് മികച്ച പിന്തുണയേകി.നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ നായകന്‍ ബുംറയുടെ നീക്കം പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ല. 185 റണ്‍സിന് ഇന്ത്യ കൂടാരം കയറുകയായിരുന്നു. ഒരാള്‍ പോലും ബാറ്റിങ് ലൈനപ്പില്‍ ഫിഫ്റ്റി കുറിച്ചില്ല. 40 റണ്‍സെടുത്ത റിഷഭാണ് ഇന്ത്യയുടെ മാനംകാത്തത്.

രവീന്ദ്ര ജഡേജ 26ഉം ബുംറ 22ഉം ശുഭ്മന്‍ ഗില്‍ 20ഉം റണ്‍സെടുത്തു. നാലു വിക്കറ്റുകളെടുത്ത ബോളണ്ടും മൂന്നു പേരെ മടക്കിയ മിച്ചെല്‍ സ്റ്റാര്‍ക്കും ചേര്‍ന്നാണ് ഇന്ത്യയെ 200ല്‍ താഴെ റണ്‍സിനു ഒതുക്കിയത്.മറുപടിയില്‍ ഇന്ത്യയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ഓസ്‌ട്രേലിയയും തകര്‍ന്നു. 181 റണ്‍സിന് അവര്‍ ഓള്‍ ഔട്ടാവുകയായിരുന്നു. അരങ്ങേറ്റ മല്‍സരം കളിച്ച ബ്യു വെബ്സ്റ്ററാണ് (57) ഇന്ത്യയുടെ ലീഡ് വെറും നലു റണ്‍സിലൊതുക്കിയത്. സ്റ്റീവ് സ്മിത്ത് 33 റണ്‍സും നേടി. ഇന്ത്യക്കു വേണ്ടി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്നു വിക്കറ്റുകള്‍ വീതം പിഴുതപ്പോള്‍ ബുംറയും നിതീഷും രണ്ടു വിക്കറ്റുകള്‍ വീതവും പങ്കിട്ടു.

Hot Topics

Related Articles