മെൽബൺ: ഏറെ പ്രതീക്ഷയുമായി ഇന്ത്യയിറങ്ങിയ ബോക്‌സിംങ് ഡേ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ട്രാവിസ് ഹെഡിനെ പൂജ്യത്തിന് പുറത്താക്കിയെങ്കിലും ഇന്ത്യയ്ക്ക് മത്സരത്തിൽ ഇനിയും ട്രാക്കിലെത്താനായില്ല. ആദ്യ മത്സരത്തിൽ ഓപ്പണറായി ഇറങ്ങി ഏകദിന ശൈലിയിൽ അടിച്ചു തകർത്ത സാം കോൺസ്റ്റാസാണ് ഇന്ത്യൻ പ്രതീക്ഷകൾ തകർത്തത്. സ്റ്റീവ് സ്മിത്തും പാറ്റ് കമ്മിൻസും ക്രീസിൽ ഉറച്ചു നിൽക്കുന്നത് രണ്ടാം ദിനം ഇന്ത്യയ്ക്ക് കനത്ത ഭീഷണിയായി മാറും.
ടോസ് നേടിയ ഓസീസ് മെൽബണിൽ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. തകർത്തടിച്ചു ക്രീസിൽ നിന്ന സാം (65 പന്തിൽ 60) ഇന്ത്യയെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കിക്കളഞ്ഞു. 89 ൽ സാം പുറത്താകുമ്പോൾ ഇന്ത്യ അൽപം ആശ്വസം നേടിയെങ്കിലും ഖവാജയും (57), ലബുഷൈനും (72) ഒരറ്റത്ത് പാറപോലെ ഉറച്ചു നിന്നു. 154 ൽ ഖവാജയെ പുറത്താക്കിയാണ് ഇന്ത്യയ്ക്ക് ഈ കൂട്ടുകെട്ട് പിരിയ്ക്കാനായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലബുഷൈന് ഒപ്പം പിന്നീട് സ്മിത്ത് (പുറത്താകാതെ 68) കൂടി ചേർന്നതോടെ ടെസ്റ്റിന്റെ നിയന്ത്രണം പൂർണമായും ഓസീസിന്റെ കയ്യിലായി. 237 ൽ ലബുഷൈൻ പുറത്താകും വരെ ഇന്ത്യ ചിത്രത്തിലേ ഇല്ലായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ഹെഡ് (0) പുറത്തായത് ഇന്ത്യയ്ക്ക് അൽപം ആശ്വാസമായി. പിന്നാലെ മിച്ചൽ മാർഷും (4) രണ്ടക്കം തികയ്ക്കാതെ പുറത്തായി. എന്നാൽ, സ്മിത്തിനൊപ്പം ക്രീസിൽ ഉറച്ചു നിന്ന അലക്‌സ് കാരി (31) ടീമിനെ 299 ൽ എത്തിച്ചാണ് മടങ്ങിയത്. എട്ടു റണ്ണുമായി കമ്മിൻസ് ക്രീസിലുണ്ട്. ഇന്ത്യൻ ബൗളർമാരിൽ ബുംറ ഒഴികെ മറ്റാർക്കും ഇതുവരെ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. 21 ഓവറിൽ നിന്നും ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ആകാശ്ദീപും, ജഡേജയും, വാഷിംങ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.