പെർത്ത് : ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫി വെള്ളിയാഴ്ച പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ആരംഭിക്കുമ്ബോള്‍ റെക്കോർഡ് പ്രതീക്ഷയിലാണ് ഈ യുവാവ്.യുവ ഓപ്പണിംഗ് ബാറ്റര്‍ യശസ്വി ജയ്സ്വാള്‍ ആണ് ഈ യുവതാരം. ഓസ്ട്രേലിയയില്‍ ഒന്നിലധികം റെക്കോര്‍ഡുകള്‍ തകര്‍ക്കാനാണ് ജയ്സ്വാള്‍ ശ്രമിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയവരുടെ പട്ടികയില്‍ ബ്രണ്ടന്‍ മക്കല്ലത്തെ മറികടക്കാന്‍ അദ്ദേഹത്തിന് രണ്ട് സിക്സറുകള്‍ ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചയാളാണ് ജയ്സ്വാള്‍. ഇതുവരെയുള്ള കരിയറില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
14 ടെസ്റ്റുകളില്‍ നിന്ന് എട്ട് അര്‍ധസെഞ്ചുറികളും മൂന്ന് സെഞ്ചുറികളും സഹിതം 1,407 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്. ഇതുവരെ 1,119 റണ്‍സ് നേടിയ അദ്ദേഹം ഈ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സ്കോറര്‍ കൂടിയാണ്.പത്ത് വർഷം പഴക്കമുള്ളതാണ് മക്കല്ലത്തിൻ്റെ റെക്കോർഡ്. 2014ല്‍ മക്കല്ലം 33 സിക്സറുകള്‍ അടിച്ചപ്പോള്‍ ജയ്സ്വാള്‍ ഈ വര്‍ഷം 32 സിക്സറുകള്‍ നേടി. കൂടാതെ, ഈ വര്‍ഷം ടെസ്റ്റിലെ ടോപ് സ്കോറര്‍ ആകാന്‍ 219 റണ്‍സ് മാത്രം മതി. നിലവില്‍, 1,338 റണ്‍സ് നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് 2024ലെ സ്കോറിംഗ് ചാര്‍ട്ടില്‍ ഒന്നാമത്.