അർദ്ധാവസരങ്ങൾ പോലും ഗോളാക്കാൻ നെഞ്ചുറപ്പും മനക്കരുത്തുമുള്ള നെയ്മർ. വായുവിലൂടെ പോലും പോകുന്ന പന്തുകളെ ഏണിവച്ചു പിടിച്ചെടുത്ത് വലംകാൽ ചുഴറ്റി വലയിലാക്കാൻ അത്യപൂർവ സിദ്ധിയുള്ള റിച്ചാലിസൺ. മഞ്ഞക്കുപ്പായത്തിൽ ചെളിപുരണ്ടാലും ചോരകണ്ടാലും മടിക്കാതെ പന്തടിച്ച് വലയിലെത്തിക്കാൻ മിടുമിടുക്കനായ വിനീഷ്യസ് ജൂനിയർ.. രത്‌നങ്ങളും മരതകങ്ങളും നിറഞ്ഞ ബ്രസീലിയൻ ദ്വീപിലേയ്ക്ക് ഇരുപത് വർഷങ്ങൾക്ക് ശേഷം ഒരു സ്വർണ്ണപ്പതകം കൊണ്ടെത്തിക്കാൻ ഖത്തറിൽ എത്തിയതായിരുന്നു ഹൃദയംകൊണ്ട് പന്തുതട്ടുന്ന മഞ്ഞക്കിളിക്കൂട്ടം. കളിക്കാനിറങ്ങിയ കളികളിലെല്ലാം ഹൃദയം കീഴടക്കുന്ന മൈതാനത്ത് നൃത്തച്ചുവടുകൾ തീർത്ത ആ സംഘത്തെ തടഞ്ഞു നിർത്താൻ ഒരു സംഘം ക്വാർട്ടറിൽ കാത്തിരിപ്പുണ്ടായിരുന്നു.
ആ സംഘത്തിന്റെ ഒരറ്റത്തൊരു കാവൽക്കാരനുണ്ടായിരുന്നു. മാലാഘയാണോ ചെകുത്താനാണോ എന്ന ബ്രസീൽ ആരാധകർ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും അവൻ തന്റെ ഹൃദയം കൊണ്ട് കളിച്ച് കാൽക്കൊണ്ട് ആ പന്തു തട്ടിയെറിഞ്ഞ് ബ്രസീലിനെ മടക്കി അയച്ചു കഴിഞ്ഞിരുന്നു. പെനാലിറ്റി ഷൂട്ടൗട്ടിൽ ആദ്യ കിക്ക് തന്നെ തട്ടിയകറ്റി ബ്രസീൽ ആരാധകരുടെ ഹൃദയത്തെ കണ്ണീരിന്റെ ഉപ്പിൽ മുക്കി, അടുത്ത നാലു വർഷത്തേയ്ക്കു സ്റ്റഫ് ചെയ്തു വച്ച കൊടും പാതകം മാത്രമല്ല ആ ഗോൾ വലയ്ക്കു മുന്നിൽ കാവൽ നിന്ന ആ മനുഷ്യൻ ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നെയ്മറിന്റെ, റിച്ചാലിസന്റെ , വിനീഷ്യസ് ജൂനിയറിന്റെ അടക്കമുള്ള ഷോട്ടുകളെ കാൽക്കൊണ്ട് തട്ടിയകറ്റിയ ക്രൊയേഷ്യൻ ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചത് ബ്രസീലിയൻ ആരാധകരുടെ കളിയാവേശമായിരുന്നു. ഒരു നിമിഷമെങ്കിലും കളി തങ്ങളുടെ കയ്യിലെത്തുമെന്നു ബ്രസീൽ ആരാധകർ കൊതിച്ച മൂന്നു നിമിഷങ്ങളെയാണ് കണ്ണിമചിമ്മാതെ കാവൽ നിന്ന ആ കാവൽക്കാരൻ തട്ടിയകറ്റിയത്. ആ പച്ചക്കുപ്പായവുമിട്ട്, തന്റെ നേരെ എത്തുന്ന ഓരോ പന്തിനെയും നെഞ്ചിലേയ്ക്കു ചേർത്തു പിടിച്ച് ഗോൾ വലയ്ക്ക് അയാൾ കാവൽ നിന്നപ്പോൾ ടിറ്റേയുടെ കുട്ടികളുടെ ബൂട്ടുകളിലെ തീ ആളിക്കത്തിയില്ല.
ആവേശത്തീയുമായി എത്തിയ ഓരോ ബൂട്ടുകളെയും നിശബ്ദമാക്കി അടിച്ചമർത്താനുള്ള ആയുധനങ്ങൾ ആയാളുടെ ബൂട്ടിലുണ്ടായിരുന്നു. ഫുട്‌ബോളിൽ ആവോളം കൈ ഉപയോഗിക്കാനുള്ള അവസരം ആകെ അനുവദിച്ചു കിട്ടിയിട്ടുള്ളത് ബാറിനു കീഴിലെ കാവൽക്കാർക്കാണ്. പക്ഷേ, ഖത്തറിൽ ബ്രസീലിനെതിരെ പച്ചക്കുപ്പായമിട്ടയാൾ കാവൽ നിന്നപ്പോൾ അയാൾ കളിച്ചത് ഹൃദയം കൊണ്ടും, പന്തിനെ തടഞ്ഞത് കാലുകൊണ്ടുമായിരുന്നു. അതേ ഡൊമനിക് കിവാക്കോവിക നിങ്ങൾ തന്നെയാണ് ഇനി ബ്രസീലിയൻ ആരാധകരുടെ ആജന്മ ശത്രൂ…!