ലഖ്നൗ: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷണ്‍ സിംഗിന്‍റെ മകൻ കരണ്‍ ഭൂഷണ്‍ സിംഗിന്‍റെ അകമ്ബടി വാഹനം ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ഉത്തർപ്രദേശിലെ ഗോണ്ടയില്‍ വച്ചാണ് അപകടം ഉണ്ടായത്. കൈസർഗഞ്ച് ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയാണ് കരണ്‍ ഭൂഷണ്‍ സിംഗ്. മരിച്ചവരില്‍ ഒരാള്‍ 17 വയസ്സുകാരനായ റെഹാൻ ഖാൻ ആണ്. 24 വയസ്സുള്ള ഷെഹ്‌സാദ് ഖാൻ ആണ് രണ്ടാമത്തെയാള്‍. എസ്‌യുവി പിടിച്ചെടുത്ത പൊലീസ്, ഡ്രൈവർ ലവ്കുഷ് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്തു.
ബ്രിജ് ഭൂഷണ്‍ സിംഗിന്‍റെ കുടുംബം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള ഫോർച്യൂണർ എസ്‍യുവി കാറാണ് അപകടം ഉണ്ടാക്കിയത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. റെഹാനും ഷെഹ്‌സാദും മരുന്ന് വാങ്ങാൻ ബൈക്കില്‍ പോകുമ്ബോള്‍ എതിർവശത്ത് നിന്ന് കാർ ഇടിക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. സീതാദേവി എന്ന അറുപതുകാരിയെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് വൻ ജനക്കൂട്ടം സംഭവ സ്ഥലത്ത് തടിച്ചുകൂടി. കുറ്റക്കാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.