ടെൽ അവീവ്: കഴിഞ്ഞ ദിവസമാണ് ഇസ്രായേലിന് നേരെ ഇറാൻ കടുത്ത മിസൈല്‍ ആക്രമണം നടത്തിയത്. ഇരുന്നൂറോളം മിസൈലുകളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തത്. സംഭവസമയത്ത് ഇതുവഴി പോവുകയായിരുന്ന ബ്രിട്ടീഷ് എയർവെയ്‌സിന്റെ ഒരു വിമാനത്തില്‍ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. കാഴ്ചക്കാരില്‍ അങ്ങേയറ്റം ഭീതി ജനിപ്പിക്കുന്ന വീഡിയോ ആണിത്.
ആകാശത്ത് കൂടി മിസൈലുകള്‍ പോകുന്നതായി ദൃശ്യങ്ങളില്‍ കാണാം. ആക്രമണം നടത്തുന്നതിന് മുൻപായി ഇറാൻ എയർവേകള്‍ പരിശോധിച്ചില്ലെന്ന് കൂടി സ്ഥിരീകരിക്കുന്ന വീഡിയോ ആണിത്. സംഭവത്തില്‍ ഇറാനെതിരെ വിമർശനം ശക്തമായിട്ടുണ്ട്. ദുബായിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയർവെയ്‌സ് വിമാനത്തിലെ പൈലറ്റാണ് ഈ വീഡിയോ ചിത്രീകരിച്ചത്. സംഭവത്തിന് പിന്നാലെ വിമാനം സുരക്ഷിതമായി വഴിതിരിച്ച് വിടുകയായിരുന്നു. മുന്നറിയിപ്പില്ലാതെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ എല്ലാ വിമാനക്കമ്പനികളും ഇതുവഴിയുള്ള വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയായിരുന്നു.