ഫിലിം ഡെസ്‌ക്
സിനിമാ റിവ്യു
മാസ് എന്റർട്രെയിനറായ ലൂസിഫറൊരുക്കി, മാസ് ആരാധകർക്കു വേണ്ടതെല്ലാം നൽകിയ പൃഥ്വിരാജ് എന്ന സംവിധായകൻ, രണ്ടാം സിനിമയായ ബ്രോ ഡാഡിയിലും തകർത്തു. ഏതു ജോണറിലുള്ള സിനിമയും തനിയ്ക്കു വഴങ്ങുമെന്നു തെളിയിക്കുകയാണ് പൃഥ്വിരാജ് ബ്രോ ഡാഡിയിലൂടെ. ഒരു ഫാലിലി – കോമഡി – എന്റർട്രെയിനർ തന്നെയാണ് രസച്ചരട് പൊട്ടാതെ രാജു ഒരുക്കിയിരിക്കുന്നത്. ജോൺ കാറ്റാടിയായി മോഹൻ ലാൽ, ചെറിയ നാണവും കുറുമ്പത്തരവുമായി തിരികെയെത്തിയത് പൃഥ്വിരാജ് എന്ന സംവിധായകന്റെ ക്ലാസിന് മാറ്റ് കൂട്ടി.
ലൂസിഫറിൽ മാസിന്റെ അഴിഞ്ഞാട്ടമായിരുന്നെങ്കിൽ, കൃത്യമായി കോമഡികൾ നിരത്തി ഫാമിലി ഓഡിയൻസിനെ ചിരിപ്പിച്ചിരുത്താൻ വേണ്ടതെല്ലാം ബ്രോ ഡാഡിയിൽ രാജുവും കൂട്ടരും നൽകുന്നു. വലിയ തറവാട്ടുകാരായ ജോൺ കാറ്റാടിക്കാരനിലൂടെ വികസിക്കുന്ന കഥ തന്നെ, കൃത്യമായി രാജു പറഞ്ഞു തുടങ്ങുന്നത് തന്നെ രസകരമായാണ്. കഥയുടെ പോക്ക് ആദ്യം തന്നെ പ്രവചിക്കാൻ സാധിക്കുമെന്ന ന്യൂനതയുണ്ടെങ്കിലും കണ്ടിരിക്കുന്നവർക്ക് ആ സമയത്ത് ആലോചിക്കാൻ തോന്നാത്ത രീതിയിൽ സംഭവങ്ങളെ കൂട്ടിയിണക്കി കൊണ്ടു പോകാൻ തിരക്കഥാകൃത്തിനും സംവിധായകനും സാധിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വളരെ കോമഡി നിറഞ്ഞ ട്രാക്കിലൂടെ മുന്നേറിയ സിനിമ അവസാനം എത്തുമ്പോഴേയ്ക്കും കുടുംബ ബന്ധങ്ങളുടെ വലിയ വിലയിലേയ്ക്കാണ് എത്തിയിരിക്കുന്നത്. ഓരോ കുടുംബത്തിലെയും കുട്ടികൾക്ക് എത്ര പ്രാധാന്യമുണ്ടെന്നും, കുട്ടികളുടെയും കുടുംബങ്ങളുടെയും എത്രത്തോളം പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണമെന്നും കോമഡിയിൽ പൊതിഞ്ഞു തന്നെ ബ്രോ ഡാഡി പറയുന്നു. ആദ്യാവസാനം കോമഡിയിൽ പൊതിഞ്ഞ് പറയുന്ന സിനിമ പറയുന്നത് കുടുംബത്തിന്റെ പ്രാധാന്യം കൂടി തന്നെയാണ്.
മരയ്ക്കാറിൽ പഴി കേട്ട് അളിഞ്ഞു നിൽക്കുന്ന മോഹൻലാലിന് ആശ്വാസം നൽകുന്ന കഥാപാത്രം തന്നെയാണ് ബ്രോഡാഡിയിലെ ജോൺ. ജോൺ കാറ്റാടിയുടെ മകൻ ഈശോ ജോൺ കാറ്റാടിയായി പൃഥ്വിരാജും തരക്കേടില്ലാതെ തിളങ്ങി നിൽക്കുന്നുണ്ട്. ചെറുപ്പത്തിൽ അപ്പനാകേണ്ടി വരുന്ന ഒരു ജോണിന്, മകൻ വലുതാകുമ്പോൾ പറ്റുന്ന അബദ്ധവും, അപ്പനൊപ്പം തന്നെ മകനും ചാടുന്ന കുഴികളും കെണികളുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഈ അബദ്ധങ്ങളും വീഴ്ചകളും രസകരമായി മുന്നോട്ടു കൊണ്ടു പോകാൻ സംവിധായകനു സാധിച്ചിട്ടുണ്ട്. ഓരോ സംഭവങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടു പോയത് തന്നെയാണ് ബ്രോ ഡാഡിയെ നല്ല ഒരു എന്റർട്രെയിനറായി മാറ്റിയത്.