മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14) റാഷിദ് (12) എന്നിവരാണ് മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴയുടെ കടവിലാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
കൂട്ടുകാർക്കൊപ്പം പുഴയില്‍ മീൻ പിടിക്കാനാണ് റാഷിദും റിൻഷാദും എത്തിയത്. ഇതിനിടയില്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുള്ള മറ്റു കുട്ടികള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴമുള്ള സ്ഥലമായതിനാല്‍ രക്ഷിക്കാനായില്ല. ഉടൻ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നിലമ്പൂരില്‍ നിന്നും അഗ്നി രക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തി. തിരച്ചിലില്‍ സമീപത്ത് നിന്ന് തന്നെ ഇരുവരെയും കണ്ടെത്തി. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കും.