പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറിന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ – സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ബിആര്‍പി ഭാസ്‌കറിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു. കേരളം ഇന്ത്യന്‍ മാധ്യമലോകത്തിന് നല്‍കിയ വിലപ്പെട്ട പ്രതിഭകളില്‍ ഒരാളായിരുന്നു ബിആര്‍പി ഭാസ്‌കര്‍. മതനിരപേക്ഷതയ്ക്കും മനുഷ്യാവകാശത്തിനും വേണ്ടി തൂലിക ചലിപ്പിച്ച നിര്‍ഭയ പോരാളിയായിരുന്നു അദ്ദേഹം. കശ്മീര്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ധ്വംസനത്തിനെതിരേ വാര്‍ത്ത നല്‍കിയതിന് ബിആര്‍പിക്കെതിരേ വധശ്രമം വരെയുണ്ടായി. ദി ഹിന്ദു, ദി സ്റ്റേറ്റ്മാന്‍, ഡെക്കാണ്‍ ഹെറാള്‍ഡ് , പേട്രിയറ്റ്, യുഎന്‍ഐ അടക്കമുളള മാധ്യമ സ്ഥാപനങ്ങളിലെ 70 വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വരും തലമുറയ്ക്ക് പ്രചോദനവും വഴികാട്ടിയുമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബക്കാര്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി സര്‍വരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചനത്തില്‍ സന്ദേശത്തില്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles