ന്യൂസ് ഡെസ്ക് : രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ടി20 ലോകകപ്പിനു ഈയാഴ്ച തുടക്കമാവും. 20 ടീമുകള്‍ മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപ്പിനു വേദിയാവുക വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ്.വലിയ പ്രതീക്ഷകളോടെയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ടീം ഇന്ത്യ ഇത്തവണ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലേതു പോലെ ഒരു സ്വപ്‌നതുല്യമായ പ്രകടനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2007ലെ പ്രഥമ ടി20 ലോകകപ്പിലെ ജേതാക്കളായ ഇന്ത്യ നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു കിരീടം സ്വപ്‌നം കാണുകയാണ്.
ചിരവൈരികളായ പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ഗ്രൂപ്പില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുര്‍ത്തുന്നതും അവര്‍ തന്നെയായിരിക്കും. പാകിസ്താനെ മാറ്റിനിര്‍ത്തിയാല്‍ ഗ്രൂപ്പിലെ മറ്റു ടീമുകള്‍ അയര്‍ലാന്‍ഡ്, കാനഡ, സംയുക്ത ആതിഥേയരായ അമേരിക്ക എന്നിവരാണ്. നിലവിലെ ഫോമും പാകിസ്താനെതിരേയുള്ള റെക്കോര്‍ഡും പരിഗണിക്കുമ്ബോള്‍ ഇന്ത്യ തന്നെ ഗ്രൂപ്പ് ചാംപ്യന്‍മാരാവാനാണ് സാധ്യത.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചു ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പുകളിലായിട്ടാണ് ടൂര്‍ണമെന്റിന്റെ ഘടന.
ഓരോ ഗ്രൂപ്പിലെയും ആദ്യത്തെ രണ്ടു സ്ഥാനക്കാരായിരിക്കും സൂപ്പര്‍ എട്ടിലേക്കു മുന്നേറുക. ഗ്രൂപ്പ് ജേതാക്കളായി മുന്നേറിയാല്‍ ആരൊക്കയാവും സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ എതിരാളുകളെന്നു നമുക്കു നോക്കാം. സൂപ്പര്‍ എട്ടില്‍ നാലു വീതം ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് തിരിക്കുക. ഗ്രൂപ്പ് ഒന്നിലായിരിക്കും ഇന്ത്യയുടെ സ്ഥാനം. ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍ ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാര്‍, ഗ്രൂപ്പ് സിയിലെ ഒന്നാംസ്ഥാനക്കാര്‍, ഗ്രൂപ്പ് ഡിയിലെ രണ്ടാംസ്ഥാനക്കാര്‍ എന്നിവരായിരിക്കും.
ഗ്രൂപ്പ് ബിയിലുള്ള ടീമുകള്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, മുന്‍ ജേതാക്കളായ ഓസ്ട്രലേിയ, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ്, ഒമാന്‍ എന്നിവരാണ്. ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളാവാനാണ് സാധ്യത. ഓസ്‌ട്രേലിയ രണ്ടാംസ്ഥാനത്തും ഫിനിഷ് ചെയ്യും. അങ്ങനെയെങ്കില്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ഒരു എതിരാളി ഓസ്‌ട്രേലിയയായിരിക്കും.
ഗ്രൂപ്പ് സിയിലുള്ളത് ന്യൂസിലാന്‍ഡ്. വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍, പപ്പുവ ന്യൂഗ്വിനി, ഉഗാണ്ട എന്നിവരാണ്. കാര്യമായ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ ന്യൂസിലാന്‍ഡായിരിക്കും ഗ്രൂപ്പ് ജേതാക്കള്‍. അങ്ങനെ സംഭവിച്ചാല്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ രണ്ടാമത്തെ എതിരാളികള്‍ ന്യൂസിലാന്‍ഡായിരിക്കും.
ഗ്രൂപ്പ് ഡിയുടെ കാര്യമെടുത്താല്‍ സൗത്താഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്,നെതര്‍ലാന്‍ഡ്സ്, നേപ്പാള്‍ എന്നിവരാണുള്ളത്. ഈ ഗ്രൂപ്പില്‍ ശ്രീലങ്ക രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യാനാണ് സാധ്യത. അപ്പോള്‍ സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയാവും ഇന്ത്യയുടെ മൂന്നാമത്തെ എതിരാളികള്‍.
സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നീ മൂന്നു ടീമുകളാണ് എതിരാളികളെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവില്ല. ഇവരില്‍ രണ്ടു ടീമുകളെയെങ്കിലും തോല്‍പ്പിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു സെമി ഫൈനലില്‍ കടക്കാന്‍ സാധിക്കുകയുള്ളൂ.ശ്രീലങ്കയെ തോല്‍പ്പിക്കുക അത്ര കടുപ്പമാവില്ലെങ്കിലും ഓസീസ്, കീവിസ് എന്നിവര്‍ക്കെതിരേ പാടുപെടും. ഐസിസി ടൂര്‍ണമെന്റുകളില്‍ പലപ്പോഴും ഇന്ത്യയുടെ വഴി മുടക്കിയിട്ടുള്ള ടീമാണ് ന്യൂസിലാന്‍ഡ്. അതുകൊണ്ടു തന്നെ അവരെ ഇന്ത്യ ഭയക്കുകയും വേണം. ഓസ്‌ട്രേലിയയും ഇന്ത്യയെ കുഴപ്പിക്കുന്ന എതിരാളികളാണ്.
ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡാണ് അവരുടേത്. വലിയ മല്‍സരങ്ങള്‍ എങ്ങനെ വിജയിക്കണമെന്നു അവര്‍ക്കു നന്നായി അറിയുകയും ചെയ്യാം.ഏറ്റവും മികച്ച കളി പുറത്തെടുക്കാനായാല്‍ മാത്രമേ ഓസീസ്, കിവീസ് എന്നിവരെ പരാജയപ്പെടുത്താന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. സെമി ഫൈനലില്‍ കടക്കണമെങ്കില്‍ ലങ്കയ്‌ക്കൊപ്പം ഓസീസ്, കിവീസ് എന്നിവയിലൊരു ടീമിനെ ഇന്ത്യക്കു തോല്‍പ്പിച്ചേ തീരൂ.