തിരുവനന്തപുരം : കേരളത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമായ എംയിസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ഈ ബജറ്റിലും ഉണ്ടായിരിക്കുന്നത്. എയിംസിനായി കേന്ദ്രം പറഞ്ഞ നിബന്ധനകള്‍ക്കനുസരിച്ച് കോഴിക്കോട് കിനാലൂരില്‍ ഭൂമിയുള്‍പ്പെടെ ഏറ്റെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിമാരെ കണ്ട് നിരവധി തവണ ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥനയും നടത്തിയിരുന്നു. കേരളത്തിന് അര്‍ഹതപ്പെട്ട എയിംസിന് എത്രയും വേഗം അനുമതി നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
അതേ സമയം, കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള സമീപനം ഏറ്റവും നിരാശാജനകമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര ബജറ്റ് നേരത്തെയുള്ള സ്വഭാവങ്ങളിൽ വലിയ മാറ്റം വന്നിട്ടില്ല. രാഷ്ട്രീയമായി താല്പര്യമുള്ള സ്ഥലങ്ങളിൽ കൂടുതലായി ചെയ്യും എന്നത് തന്നെയാണ് ഇത്തവണത്തെയും നിലപാട് എന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളോടും ഒരേ സമീപനം സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ന്യായമായ പ്രതീക്ഷ കേരളത്തിന് ഈ ബജറ്റിൽ ഉണ്ടായിരുന്നു. സാമ്പത്തികപരമായിട്ടുള്ള കാര്യങ്ങളിൽ ഒന്നും പറഞ്ഞിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.മുണ്ടക്കൈ ചൂരൽമല പാക്കേജിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. വിഴിഞ്ഞത്തിനെ കുറിച്ചും ഒന്നും പറഞ്ഞില്ല. സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വല്ലാത്ത വ്യത്യസ്തത ഉണ്ടാകുന്നു. വയനാടിന് പ്രത്യേക പരിഗണന നൽകേണ്ടതായിരുന്നു. വിഴിഞ്ഞത്തെക്കുറിച്ചും ഒന്നും പറയാത്തത് ഖേദകരം. കേരളത്തോടുള്ള സമീപനം പ്രതിഷേധാർഹം എന്നും മന്ത്രി കൂട്ടിച്ചേർത്തു.