അഹമ്മദാബാദ് : ഹാര്‍ദിക് പാണ്ഡ്യയെ കൂവിവിളിച്ച് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍.ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഇന്നിങ്സിലെ ആദ്യ ഓവര്‍ എറിയാന്‍ എത്തിയതാണ് പാണ്ഡ്യ. മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നില്‍ക്കുമ്ബോഴാണ് പാണ്ഡ്യ ആദ്യ ഓവര്‍ എറിയാനെത്തിയത്. ഇത് ആരാധകരെ ചൊടിപ്പിച്ചു. മുംബൈ ആരാധകര്‍ പോലും പാണ്ഡ്യയെ പരിഹസിച്ച് കൂവിവിളിക്കുകയായിരുന്നു ഈ സമയത്ത്. പാണ്ഡ്യയുടെ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറികള്‍ സഹിതം 11 റണ്‍സാണ് ഗുജറാത്ത് നേടിയത്. ബുംറയ്ക്ക് രണ്ടാം ഓവറും പാണ്ഡ്യ കൊടുത്തില്ല. ഇത് ആരാധകരെ കൂടുതല്‍ ചൊടിപ്പിച്ചു. ലൂക്ക് വുഡാണ് മുംബൈയ്ക്കായി രണ്ടാം ഓവര്‍ എറിഞ്ഞത്. മൂന്നാം ഓവര്‍ വീണ്ടും പാണ്ഡ്യ തന്നെ എറിയുകയായിരുന്നു. പിന്നീട് നാലാം ഓവറാണ് ജസ്പ്രീത് ബുംറയ്ക്ക് നല്‍കിയത്. ഈ ഓവറില്‍ ബുംറ ഗുജറാത്ത് ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ ബൗള്‍ഡ് ആക്കുകയും ചെയ്തു.
പാണ്ഡ്യ ഗുജറാത്ത് നായകനായിരുന്ന സമയത്തും ആദ്യ ഓവര്‍ എറിഞ്ഞിരുന്നു. ഇതിന്റെ പേരില്‍ താരം ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. നായകനായാല്‍ ആദ്യ ഓവര്‍ തനിക്ക് വേണം എന്ന നിലപാടാണ് പാണ്ഡ്യക്കെന്ന് ആരാധകര്‍ പറയുന്നു. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്ന് മാറ്റി പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയതില്‍ മുംബൈ ആരാധകര്‍ക്ക് അടക്കം വലിയ എതിര്‍പ്പുണ്ട്. ഈ സാഹചര്യത്തിലാണ് ബുംറയ്ക്ക് ആദ്യ ഓവര്‍ നല്‍കാതെ പാണ്ഡ്യ തന്നെ ആദ്യ ഓവര്‍ എറിയാനെത്തിയത്.