പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് വാങ്ങിയ ബസിന് സർവീസിനുള്ള സമയം നല്കുന്നതില് ക്രമക്കേടെന്ന് പരാതി. കോട്ടത്തറ മുതല്‍ മുള്ളി ആദിവാസി ഊരുകളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമ മണികണ്ഠനാണ് ആരോപണവുമായി രംഗത്തെത്തിയത്. ഗതാഗതമന്ത്രി ഇടപെട്ടിട്ടും പരിഹാരമായില്ലെന്നാണ് ബസുടമയുടെ പരാതി.
ഒറ്റ ബസ് സർവീസ് മാത്രമുള്ള കേരള തമിഴ്നാട് അതിർത്തിയിലെ മുള്ളി ആദിവാസി ഗ്രാമത്തിലാണ് സംഭവം. കോട്ടത്തറ ആശുപത്രി, സ്കൂള്‍, സർക്കാർ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് എളുപ്പമെത്താൻ ഊരുവാസികള്‍ ചേർന്നാണ് രണ്ടു വർഷം മുമ്പ് ബസിനായി അപേക്ഷ നല്‍കിയത്. ബസ് ഡ്രൈവറായിരുന്ന മണികണ്ഠൻ സ്വന്തമായൊരു ബസ് വാങ്ങാൻ മുന്നോട്ടു വന്നു. കയ്യിലുള്ള പണമെല്ലാം സ്വരുക്കൂട്ടി ബസ് വാങ്ങി. 2023 ല്‍ ജില്ലാ അതോറിറ്റി അപേക്ഷ സ്വീകരിച്ചു. റൂട്ടിലോടാൻ ആർടിഒ അനുമതിയും നല്കി. പക്ഷെ നല്കിയ സമയക്രമം സർവീസിനെ ബാധിച്ചതോടെയാണ് ആർടിഓക്കെതിരെ പരാതിയുമായി ബസുടമ രംഗത്തെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന് വരെ പരാതി നല്‍കിയെന്നും പരാതി കേട്ട് അദ്ദേഹം വാക്കു തന്നതാണെന്നും ബസ് ഉടമ ആർ. മണികണ്ഠൻ പറഞ്ഞു. ആ വാക്കിന്റെ അടിസ്ഥാനത്തിലാണ് അട്ടപ്പാടിയിലേക്ക് തിരിച്ചു വന്നത്. അതു കഴിഞ്ഞ് 8 മാസമായിട്ടും പരാതിയില്‍ നടപടികള്‍ ഉണ്ടായിട്ടില്ല. വംശീയമായി ഒറ്റപ്പെടുത്തുകയാണെന്ന് തനിക്ക് സംശയമുണ്ടെന്നും ബസ് ഉടമ പ്രതികരിച്ചു.
സമയക്രമം അസമയത്തായതോടെ ഏക ബസിനെ ആശ്രയിക്കാൻ പറ്റാതെ യാത്രക്കാരും വലഞ്ഞു. എന്നാല്‍, നഷ്ടക്കണക്കില്‍ സർവീസ് നടത്താനാവില്ലെന്ന നിലപാടിലാണ് ബസുടമ. അതേസമയം നേരത്തെ റൂട്ടിലോടിയ ബസിൻറെ സമയക്രമാണ് മണികണ്ഠന് നല്‍കിയതെന്നും വിഷയം പരിശോധിക്കുമെന്നും ജില്ലാ ആർടിഒ അറിയിച്ചു.