വെംബ്ലി: യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ചാമ്പ്യന്മാർ. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബൊറൂസ്യ ഡോർട്ട്മുണ്ടിനെ കീഴടക്കി റയൽ 15-ാം ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കി. ആദ്യമിനിറ്റുകൾ മുതൽ കളം നിറഞ്ഞ ഡോർട്ട്മുണ്ടിന്റെ മഞ്ഞപ്പടയാളികൾക്ക് പോരാട്ടം വിജയിക്കാൻ ഒരൽപ്പം ഭാഗ്യം കൂടി വേണമായിരുന്നു. രണ്ടാം പകുതിയിൽ ഡാനി കാര്വഹാലിന്റെയും വിനീഷ്യസ് ജൂനിയറിന്റെയും ഗോളുകളിൽ റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡോര്‍ട്ട്മുണ്ട് ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പലതവണ ഗോളടിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും നിർഭാഗ്യം തിരിച്ചടിയായി. ഇരുടീമുകളുടെയും ഗോൾ നേട്ടമില്ലാതെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിൽ റയൽ ആക്രമണം ശക്തമാക്കി. ഒടുവിൽ 74-ാം മിനിറ്റിൽ ആരാധകർ കാത്തിരുന്ന നിമിഷമെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോണി ക്രൂസ് എടുത്ത കോര്‍ണര്‍ കിക്ക് തകർപ്പൻ ഒരു ഹെഡറിലൂടെ ഡാനി കാര്‍വഹാല്‍ വലകുലുക്കി. പിന്നെ റയൽ നിര ആക്രമണം ശക്തിപ്പെടുത്തിയതോടെ ഡോർട്ട്മുണ്ടിന് തിരിച്ചുവരവ് സാധ്യമല്ലാതായി. 83-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയര്‍ കൂടി ഗോൾ നേടിയതോടെ റയൽ ജയമുറപ്പിച്ചു. അവസാനനിമിഷം ഡോര്‍ട്ട്മുണ്ട് ഒരു ഗോൾ മടക്കിയെങ്കിലും ഓഫ്സൈഡ് നിയമത്തിൽ കുരുങ്ങി. പിന്നാലെ വെംബ്ലിയിൽ ഫൈനൽ വിസിൽ മുഴങ്ങിയതോടെ യൂറോപ്പിന്റെ രാജാക്കന്മാരായി റയൽ മാഡ്രിഡ് വാണു.