ന്യൂയോർക്ക് : കാനഡയോടുള്ള വിജയം കച്ചിത്തുരുമ്പായപ്പോൾ ലോകകപ്പിലെ രണ്ടാം റൗണ്ട് പ്രതീക്ഷകൾ നിലനിർത്തി പാക്കിസ്ഥാൻ. ഏഴു വിക്കറ്റിനാണ് പാകിസ്ഥാൻ കാനഡയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കാനഡ ഏഴ് വിക്കറ്റ് നഷ്ടമാക്കി 106 റൺ ആണ് എടുത്തത്. ആരോൺ ജോൺസൺ (52), സഫർ(10) , കറീം സാന (13) എന്നിവർ മാത്രമാണ് കാനഡ നിരയിൽ രണ്ടക്കം കണ്ടത്. മുഹമ്മദ് അമീറും ഹാരിസ് റൗഫും പാക്കിസ്ഥാന് വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അഫ്രിദിയും നസീം ഷായും ഓരോ വിക്കറ്റ് എടുത്തു. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാന് കാര്യമായ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. ക്യാപ്റ്റൻ ബാബർ അസമിനു പകരം ഓപ്പണർ ഇറങ്ങിയ സയിം അയ്യൂബ് (6) വേഗം പുറത്തായെങ്കിലും, ബാബർ അസമും (33), അർത്ഥ സഞ്ചരി നേടിയ മുഹമ്മദ് റിസ്വാനും (53) ചേർന്ന് ടീമിനെ രക്ഷപെടുത്തി. വിജയത്തിന് തൊട്ടടുത്ത് ബാബർ അസമും , ഫക്കർ സമ്മാനും ( 4) വീണങ്കിലും റിസ്വാൻ കൂടുതൽ കുഴപ്പമില്ലാതെ പാകിസ്ഥാനെ രക്ഷപ്പെടുത്തി. ലോകകപ്പിലെ പാക്കിസ്ഥാന്റെ ആദ്യ വിജയമാണിത്. അടുത്ത മത്സരം കൂടി പാകിസ്ഥാൻ വിജയിക്കുകയും, ഇനിയുള്ള രണ്ടു മത്സരം യു എസ് എ തോൽക്കുകയും ചെയ്താൽ മാത്രമേ പാക്കിസ്ഥാന് സൂപ്പർ എട്ടിലേയ്ക്ക് സാധ്യതകൾ ഉള്ളൂ.