മോസ്കോ: ക്യാൻസറിനെതിരായ വാക്സിൻ സ്വന്തമായി വികസിപ്പിച്ചെടുത്തെന്ന് പ്രഖ്യാപിച്ച് റഷ്യൻ സർക്കാർ. 2025 ആദ്യത്തില്‍ പുറത്തിറക്കുമെന്നും രോഗികള്‍ക്ക് സൗജന്യമായി വാക്സിൻ വിതരണം ചെയ്യുമെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റേഡിയോളജി മെഡിക്കല്‍ റിസർച്ച് സെന്ററിന്റെ ജനറല്‍ ഡയറക്ടർ ആൻഡ്രേ കാപ്രിൻ അറിയിച്ചു.
ക്യാൻസറിനെതിരായ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചെടുത്ത വിവരം റേഡിയോ റഷ്യയില്‍ സംസാരിക്കവെയാണ് രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ക്യാൻസർ ട്യൂമറുകള്‍ ഉണ്ടാവുന്നത് തടയാനും കോശങ്ങളുടെ ക്യാൻസറിലേക്കുള്ള മാറ്റം ഫലപ്രദമായി തടയാനും ഈ വാക്സിന് സാധിക്കുമെന്ന് പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി ഗമലെയ നാഷണല്‍ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആന്റ് മൈക്രോ ബയോളജി ഡയറക്ടർ അലക്സാണ്ടർ ഗിൻറ്റ്സ്‍ബെർഗ് വാർത്താ ഏജൻസിയോട് പറഞ്ഞു.