മാനന്തവാടി: നവംബര്‍ 28 മുതല്‍ കുറുക്കന്‍മൂലയെയും പരിസര പ്രദേശങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തിയ കടുവാപ്പേടിക്ക് ക്രിസ്മസ് ദിനത്തിലും അറുതിയില്ല. 27 ദിവസത്തിനിടെ 17 വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായുള്ള തിരച്ചില്‍ വെള്ളിയാഴ്ചയും വിഫലമാണ്. വനത്തില്‍ കടുവ സഞ്ചരിച്ച വഴിയില്‍ കഴുത്തിലെ മുറിവില്‍ നിന്ന് ഇറ്റിയ ചോരയും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വനമേഖലയില്‍ എവിടെയെങ്കിലും കടുവ ഉണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് തിരയുന്നത്. എന്നാല്‍ മുമ്പത്തെപ്പോലെ കാട്ടിനുള്ളില്‍ കടുവ കിടന്നതിന്റെയോ, നടന്നതിന്റെയോ പാടുകളൊന്നും കണ്ടെത്താനായില്ല.വനത്തിലടക്കം ക്യാമറകള്‍ വെച്ചിട്ടും ചിത്രങ്ങള്‍ കിട്ടിയില്ല. കടുവയുടെ സഞ്ചാരപാത കണ്ടെത്താനായാണ് റിയല്‍ ടൈം സി.സി.ടി.വി. ഉള്‍പ്പെടെ 68 ക്യാമകള്‍ വിവിധ ഭാഗങ്ങളിലായി വെച്ചത്. എന്നാല്‍ ഇതിലൊന്നും ചിത്രങ്ങള്‍ പതിഞ്ഞില്ല. വയല്‍പ്രദേശത്ത് മാത്രമാണ് കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞത്. അതിനാല്‍ കടുവ ഏതുഭാഗത്തുനിന്ന് എങ്ങോട്ടുപോയി എന്ന കാര്യങ്ങളൊന്നും വ്യക്തമല്ല.
കാല്‍പ്പാടുകള്‍ പിന്തുര്‍ന്നുള്ള തിരച്ചില്‍ സാധ്യമാകാതെ വന്നതോടെയാണ് ക്യാമറകള്‍ കൂടുതല്‍വെച്ചത്. നേരത്തെ കുറുക്കന്മൂലയിലും പരിസരപ്രദേശങ്ങളിലും വെച്ച ക്യാമറയില്‍നിന്നാണ് കഴുത്തിന് പരിക്കേറ്റ കടുവയുടെ ചിത്രം കിട്ടിയത്.തുടര്‍ച്ചയായുള്ള തിരച്ചിലിലും കടുവയെ കണ്ടെത്താനാവാതെ വന്നതോടെ മയക്കുവെടിവെച്ച് പിടികൂടാമെന്നുള്ള പ്രതീക്ഷയും മങ്ങി. 16-ന് പുതിയിടത്ത് നിന്ന് മൂരിക്കുട്ടനെയും ആടിനെയും പിടിച്ചശേഷം വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചില്ല എന്നതാണ് പ്രദേശവാസികള്‍ക്ക് ആശ്വാസം. കഴുത്തിന് മുറിവേറ്റ കടുവയ്ക്ക് കാട്ടില്‍ ഇരതേടാന്‍ പറ്റാതെ വന്നതോടെയാണ് നാട്ടിലിറങ്ങാന്‍ തുടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, മലയാളചിത്രം മിന്നല്‍മുരളിയുടെ കഥാപശ്ചാത്തലവും കുറുക്കന്മൂല എന്ന ഗ്രാമമാണ്. സൂപ്പര്‍ഹീറോ വന്നതോടെ കടുവ കാട് കയറിയതാണെന്നും മുരളി കടുവയെപ്പിടിച്ചതാണെന്നും ഉള്‍പ്പെടെയുള്ള രസകരമായ ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.