മാവേലിക്കര: ആലപ്പുഴ കണ്ടിയൂരില്‍ ഓടി വന്ന കാര്‍ കത്തിനശിച്ചു. കുടുംബം രക്ഷപെട്ടത് തലനാരിഴക്ക്. കണ്ടിയൂര്‍ ഉഷസില്‍ കൃഷ്ണപ്രസാദിന്റെ ടൊയോട്ട എത്തിയോസ് കാറാണ് കത്തി നശിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 6.15 ഓടെയാണ് സംഭവം. കൃഷ്ണ പ്രസാദും മക്കളായ കാശിനാഥും അഭയനാഥും പുറത്ത് പോയി വന്നശേഷം കാര്‍ വീടിനുള്ളിലേക്ക് കയറ്റുമ്പോള്‍ കാറില്‍ തീ ഉയരുകയായിരുന്നു. മൂവരും തത്ക്ഷണം കാറില്‍ നിന്ന് ഇറങ്ങിയതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. മാവേലിക്കരയില്‍ നിന്നും അഗ്നി രക്ഷസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
മാസങ്ങള്‍ക്ക് മുൻപ് കണ്ടിയൂരില്‍ സമാന അപകടത്തില്‍ യുവാവ് വെന്ത് മരിച്ചിരുന്നു. ഡിസംബര്‍ മാസത്തില്‍ മേലാറ്റൂരില്‍ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് വാൻ പൂര്‍ണമായും കത്തിനശിച്ചു. പുക കണ്ട് പുറത്തേക്കിറങ്ങിയ ഡ്രൈവര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പെരിന്തല്‍മണ്ണയില്‍ നിന്ന് മേലാറ്റൂരിലേക്ക് പെയിന്റുമായി വന്ന വാനാണ് കത്തിനശിച്ചത്. വാഹനത്തിനകത്തേക്ക് തീ പടര്‍ന്നതോടെ പെയിന്റ് ടിന്നുകള്‍ പൊട്ടിത്തെറിച്ചു. പിന്നാലെ വാന്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. നവംബര്‍ ആദ്യ വാരത്തില്‍ എറണാകുളത്തും സമാന സംഭവമുണ്ടായിരുന്നു. എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം അങ്കമാലി ദേശീയപാതയില്‍ ഇടപ്പള്ളി മേല്‍പ്പാലത്തിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വലിയ അപായം ഒഴിവായിരുന്നു. ഫോര്‍ഡ് ഗ്ലോബല്‍ ഫിയസ്റ്റ കാറിന്റെ ബോണറ്റില്‍ നിന്ന് തീ ഉയരുന്നത് കണ്ടപ്പോള്‍ യാത്രക്കാര്‍ കാര്‍ നിര്‍ത്തി ഇറങ്ങിയോടിയതാണ് രക്ഷയായത്.