ചാവക്കാട്: കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ചാവക്കാട് സെക്യൂരിറ്റി ജീവനക്കാരനെ ബാർ ജീവനക്കാരൻ മർദ്ദിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അക്രമ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. മുഗള്‍ ജ്വല്ലറിയുടെ കാവല്‍ക്കാരനായ തിരുവത്ര സ്വദേശി ഉമ്മറിന്നാണ് (60) മർദ്ദനമേറ്റത്. സമീപത്തെ ബാറിലെ ജീവനക്കാരൻ പാലക്കാട് സ്വദേശി രഞ്ജിത്താണ് മർദ്ദിച്ചത്. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തില്‍ കലാശിച്ചത്
പുലർച്ചെ രണ്ടുമണിക്ക് കാറുമായി രഞ്ജിത്ത് എത്തിയപ്പോള്‍ പാർക്കിങ്ങിന് സ്ഥലം ഉണ്ടായിരുന്നില്ല. ഇതിനേ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് സെക്യൂരിറ്റി ജീവനക്കാരനായ ഉമറിനെ രഞ്ജിത് കൈയേറ്റം ചെയ്തത്. അക്രമം ബാർ മുതലാളിയെ അറിയിക്കുമെന്ന് പറഞ്ഞതോടെ കയ്യേറ്റം ക്രൂര മർദ്ദനമായി മാറുകയായിരുന്നു. ബാർ ജീവനക്കാരനെ ഭയന്ന് സെക്യൂരിറ്റി ജീവനക്കാരൻ സംഭവം മറച്ചുവെച്ചു. എന്നാല്‍ ഇന്ന് ശാരീരിക അവശതകള്‍ കൂടിയതിനെത്തുടർന്നാണ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ഇതിന് പിന്നാലെയാണ് സംഭവം പുറത്തായത്. സെക്യൂരിറ്റി ജീവനക്കാരനെ മുഖത്തടിച്ച് വീഴ്ത്തുന്നതും മുഖത്ത് ചവിട്ടുന്നതും ശരീരത്തി കയറി മർദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.