ഏറ്റുമാനൂർ: എം.സി റോഡരികിലെ മൂന്നു സ്ഥലങ്ങൾ കേന്ദ്രീകരിച്ചു ഗുണ്ടാ സംഘങ്ങൾ നിയന്ത്രിക്കുന്ന ചീട്ടുകളി കളങ്ങൾ സജീവമാകുന്നു. ഗുണ്ടാ സംഘങ്ങൾ നിയന്ത്രിക്കുന്ന ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി കളങ്ങൾക്കെതിരെ നടപടിയെടുക്കാനും പൊലീസിനു സാധിക്കുന്നില്ല. ഏറ്റുമാനൂർ പരിത്രണായിലെ റബർതോട്ടം കേന്ദ്രീകരിച്ചും, കാരിത്താസിനു സമീപത്തെ വീട് കേന്ദ്രീകരിച്ചും, പ്രദേശത്തെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചുമാണ് ഗുണ്ടാ സംഘങ്ങൾ ചീട്ടുകളി നടത്തുന്നത്.
അടുത്തിടെ ജീവനൊടുക്കിയ നിരവധി ക്രിമിനൽക്കേസ് പ്രതിയുടെ ഡ്രൈവറായ സുനാമിയെന്ന ഇരട്ടപ്പേരിലുള്ള യുവാവാണ് ചീട്ടുകളി കളത്തിന്റെ നിയന്ത്രണം നടത്തുന്നത്. ഇയാൾ മുൻപ് കോട്ടയം നഗരത്തിലെ ഹണിട്രാപ്പ് കേസിലും പ്രതിയായിരുന്നു. ഗുണ്ടാ നേതാവ് അരുൺ ഗോപന്റെ ഡ്രൈവറായിരുന്ന യുവാവും സംഘത്തിന്റെ നിയന്ത്രണം നടത്തുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണർകാട് ബ്ലേഡ് മാഫിയ തലവൻ മാലം സുരേഷ് നടത്തിയ ചീട്ടുകളി കളത്തിലുണ്ടായിരുന്ന കളിക്കാരെല്ലാം തന്നെ ഇപ്പോഴും ഇതേ സ്ഥലത്ത് കളിക്കാൻ എത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഓരോ പ്രദേശത്തെ നാലുതല സുരക്ഷ ഒരുക്കിയാണ് ഗുണ്ടാ സംഘം ചീട്ടുകളിക്കാർക്ക് സുരക്ഷ ഒരുക്കുന്നത്. റബർ തോട്ടത്തിലെ തുറസായ സ്ഥലത്ത് എവിടെ നിന്നു നോക്കിയാലും പൊലീസ് എത്തുന്നത് കാണാൻ സാധിക്കുന്ന രീതിയിലാണ് ചീട്ടുകളി കളം പ്രവർത്തിക്കുന്നത്.
മറ്റെല്ലാ സ്ഥലത്തും ഇതേ രീതി തന്നെയാണ് ഗുണ്ടാ സംഘം സ്വീകരിക്കുന്നത്. മാരകായുധങ്ങളുമായി ഗുണ്ടകൾ കാവൽ നിൽക്കുന്ന സ്ഥലത്താണ് ഇത്തരം ചീട്ടുകളി നടക്കുന്നത്. ഇവിടെ ബ്ലേഡിനു പണം നൽകുന്ന മാഫിയ സംഘങ്ങളും സജീവമാണ്. ഈ സാഹചര്യത്തിൽ ക്രമസമാധാനം നിലനിർത്താൻ പൊലീസ് ശക്തമായ ഇടപെടൽ നടത്തണമെന്നാണ് പ്രദേശത്തെ നാട്ടുകാർ ആവശ്യപ്പെടുന്നത്.