പയ്യോളി : ഒരു സംഘം എസ്.എഫ്.ഐ പ്രവർത്തകരുടെ വിചാരണയ്ക്കും ക്രൂരമായ മർദനത്തിനും ഇരയായ കൊയിലാണ്ടി ആർ. ശങ്കർ കോളേജിലെ രണ്ടാംവർഷ കെമിസ്ട്രി വിദ്യാർഥി സി.ആർ. അമലിന്റെ പേരില്‍ എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് സെക്രട്ടറി എ.ആർ. അനുനാഥിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. മാർച്ച് ഒന്നിന് അമലിനെ ആക്രമിച്ചശേഷം നാലിന് അനുനാഥ് നല്‍കിയ പരാതിയിലാണ് അമല്‍ പ്രതിയാകുന്നത്. തന്റെ മൂക്കിടിച്ച് പരിക്കേല്‍പ്പിച്ചതായി അമലിന്റെ പരാതിയില്‍ പറയുന്ന ആളാണ് എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് സെക്രട്ടറി എ.ആർ. അനുനാഥ്. അതേസമയം അമലിനെതിരേ അനുനാഥ് ഉന്നയിക്കുന്ന സംഭവം നടന്നത് ഫെബ്രുവരി 21-നാണ്. റാഗിങ്ങുമായി ബന്ധപ്പെട്ട് നടന്ന അടിപിടിയിലാണ് അന്ന് അനുനാഥിന് മർദനമേല്‍ക്കുന്നത്. ഇതിന്റെപേരില്‍ പോലീസിലും കോളേജിലും അന്ന് അനുനാഥ് നല്‍കിയ പരാതിയില്‍ അമല്‍ പ്രതിയല്ല. മൂന്നുപേർക്കെതിരേയായിരുന്നു അനുനാഥിന്റെ പരാതി.
മാർച്ച് നാലിന് കോളേജ് അധികൃതർ സസ്പെൻഡ്ചെയ്ത അഞ്ചുപേരില്‍ ആ മൂന്ന് വിദ്യാർഥികളാണുള്ളത്. രണ്ടുപേർ അമല്‍ നല്‍കിയ പരാതിയിലുള്ളവരും. ഇതില്‍ ഒരാള്‍ അനുനാഥാണ്. ആദ്യത്തെ സംഭവത്തിനുശേഷം കോളേജിനെ കലുഷിതമാക്കിയ, അമലിനെതിരായ ആക്രമണത്തിനുശേഷം രണ്ടാഴ്ചയാകുമ്പോഴാണ് കോളേജ് അധികൃതർ നടപടി സ്വീകരിക്കുന്നതും.
അനുനാഥിനെ മർദിച്ച സംഭവത്തിലെ സൂത്രധാരൻ അമലാണെന്ന് പറഞ്ഞാണ് 25-ഓളം എസ്.എഫ്.ഐ. പ്രവർത്തകരുടെ വിചാരണയ്ക്കും മർദനത്തിനും അമല്‍ ഇരയായത്. ഈ സംഭവത്തില്‍ താനുണ്ടെങ്കില്‍ എന്തുകൊണ്ട് അന്നത്തെ പരാതിയില്‍ തന്റെ പേര് വന്നില്ലെന്നാണ് അമല്‍ ചോദിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവസ്ഥലത്തെ സി.സി.ടി.വി. ക്യാമറ പരിശോധിക്കാമെന്നും പറയുന്നു. കോളേജില്‍ നല്‍കിയ പഴയപരാതി പിൻവലിച്ചാണ് അമല്‍ അടക്കമുള്ള കൂടുതല്‍പേർക്കെതിരേ എസ്.എഫ്.ഐ. നേതാവ് കോളേജ് പ്രിൻസിപ്പലിന് പരാതിനല്‍കിയിട്ടുള്ളത്. ഈ പരാതിയും സ്വീകരിക്കപ്പെട്ടു. എല്ലാ പരാതികളിലും അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നല്‍കാൻ കോളേജ് അധികൃതർ കമ്മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. വി.എസ്. അനിതയുടെ നേതൃത്വത്തിലാണ് കമ്മിഷൻ. അമലിന്റെ പരാതിയില്‍ ലഘുവായ വകുപ്പുകള്‍ ചേർത്താണ് എസ്.എഫ്.ഐ. പ്രവർത്തകരുടെപേരില്‍ പോലീസ് കേസെടുത്തിട്ടുള്ളത്. അമലിനെതിരായ ആക്രമണം ആശുപത്രിരേഖകളില്‍ അപകടമാക്കി മാറ്റിയതിലും പോലീസ് അന്വേഷണം നടന്നിട്ടില്ല.