തിരുവനന്തപുരം : പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്ത കേസില്‍ കെസിഎ മുൻ പരിശീലകൻ എം.മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു. പോക്‌സോ കേസും ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വിവാദം ഉയർന്നതിന് പിന്നാലെ ഇയാളെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.
പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളെ ഇയാള്‍ വർഷങ്ങളായി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കെസിഎയ്‌ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. മനുവിനെതിരെ 6 കേസുകളാണ് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്തിരുന്നത്.