ഗുവാഹത്തി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരേ കേസെടുത്ത് അസം പോലീസ്. യാത്ര സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജോർഹട് പോലീസ് സംഘാടകർക്കെതിരെ സ്വമേധയാ കേസെടുത്തത്. അനുവദിച്ചിരുന്നതില്‍നിന്ന് ഭിന്നമായ റൂട്ടിലാണ് യാത്ര കടന്നുപോയതെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻകൂട്ടി അറിയിക്കാതെ യാത്രാപഥം മാറ്റിയത് ഗതാഗതം താറുമാറാക്കിയെന്നും ബാരിക്കേഡുകള്‍ മറികടന്ന് ജനങ്ങള്‍ പോലീസിനെ ആക്രമിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയെന്നും പോലീസ് പറയുന്നു.
പ്രദേശത്ത് ‘കലാപസമാനമായ’ അന്തരീക്ഷമുണ്ടാക്കാൻ ഇത് ഇടയാക്കി.
സംഘാടകനായ കെ.ബി. ബൈജുവിന്റെ നേതൃത്വത്തില്‍ ജനങ്ങളെ ഇളക്കിവിടുന്നതിന് ഗൂഢാലോചന നടത്തിയെന്നും പോലീസ് ആരോപിക്കുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തില്‍ പ്രവേശിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യാഴാഴ്ച ഭീഷണി മുഴക്കിയിരുന്നു. ഗുവാഹത്തി നഗരത്തില്‍ ആശുപത്രികളും സ്കൂളുകളുമുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ബജെപി പോലും ഗുവാഹത്തി നഗരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കാറില്ല. രാഹുല്‍ ഗാന്ധി നഗരത്തില്‍കൂടി യാത്രചെയ്താല്‍ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാൻഡില്‍നിന്ന് കഴിഞ്ഞ ദിവസമാണ് അസമില്‍ പ്രവേശിച്ചത്. ജനുവരി 25 വരെയാണ് അസമില്‍ രാഹുലിന്റെ പര്യടനം. ശിവസാഗർ ജില്ലയില്‍ നടന്ന പൊതുപരിപാടിയില്‍ അസം സർക്കാരിനെതിരേ രാഹുല്‍ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പൊതുമുതല്‍ മോഷ്ടിക്കുകയും വിദ്വേഷം പരത്തുകയുമാണ് ബിജെപിയും ആർഎസ്എസും ചെയ്യുന്നതെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഭാരത് ജോഡോ യാത്ര വിജയകരമല്ലെന്ന് വരുത്തിത്തീർക്കാൻ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ എല്ലാ ശക്തികളും ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.