കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയെന്ന പരാതിയില്‍ കണ്ണൂരിൽ ഓൺലൈൻ പേജിനെതിരെ പോലീസ് കേസെടുത്തു. ന്യൂസ് ഓഫ് മലയാളം എന്ന പേജിനെതിരെയാണ് കേസെടുത്തത്. കണ്ണൂർ ടൗണ്‍ എസ് ഐ ആണ് ഇൻക്വസ്റ്റ് റിപ്പോർട്ടിനെ കുറിച്ചുള്ള പ്രചാരണത്തില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈനിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുകയായിരുന്നു.
അതേസമയം, നവീൻ ബാബുവിൻ്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹർജിയില്‍ നിർണായക വാദങ്ങളാണ് ഹൈക്കോടതിയില്‍ നടക്കുന്നത്. നവീൻ ബാബു തൂങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാകില്ലെന്ന് ഹർജിക്കാരിയായ ഭാര്യ മഞ്ജുഷ കോടതിയില്‍ വാദിച്ചു. നവീൻ ബാബുവിനെ കൊന്നശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായി ഹർജിക്കാരി കോടതിയെ അറിയിച്ചു.”55 കിലോഗ്രാം ഭാരമുള്ള നവീൻ ബാബു ചെറിയ കനമുള്ള കയറില്‍ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ല. പോസ്റ്റ്മോർട്ടം ശരിയായ വിധത്തില്‍ നടന്നിട്ടില്ല. പോസ്റ്റുമോർട്ടത്തില്‍ പല പ്രധാന വിവരങ്ങളും വിട്ടു കളഞ്ഞു”. അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീർ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.