കാസർഗോഡ്: കാസര്‍കോട് കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസര്‍ക്കെതിരെ നരഹത്യക്ക് കേസ്. കുട്ടിയുടെ മാതാവിന്‍റെ പരാതിയില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. കുമ്പള എസ്‌ഐ ആയിരുന്ന എസ്‌ആര്‍ രജിത്ത്, സിപിഒമാരായ ടി. ദീപു, പി. രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് ഐപിസി 304 എ പ്രകാരം നരഹത്യക്ക് കേസ്. ഇവര്‍ക്ക് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചു.
അംഗഡിമുഗര്‍ ഗവ. ഹയർ സെക്കണ്ടറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ഫര്‍ഹാസും നാല് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ അപകടത്തില്‍പ്പെട്ടത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25നാണ്. ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാസ് ചികിത്സയിലിരിക്കെ മരിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന കുട്ടിയുടെ മാതാവ് സഫിയയുടെ പരാതിയിലാണ് കോടതി നടപടി. സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഫര്‍ഹാസിന്‍റെ മരണത്തില്‍ പൊലീസിന് വീഴ്ചയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്.