മുംബൈ : നിയമവിരുദ്ധമായി ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ തമന്ന ഭാട്ടിയ. ഏപ്രില്‍ 29 നകം ഹാജരാകാനാണ് മഹാരാഷ്ട്ര സൈബർ സെല്‍ താരത്തിന് നിർദേശം നല്‍കിയത്. താരം ഫെയർ പ്ലേ ആപ്പിന്‍റെ ഭാഗമായി പ്രചാരണം നടത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം മുംബൈയില്‍ ഇല്ലാത്തതിനാല്‍ ചോദ്യം ചെയ്യലിന് ഹാജറാകുവാന്‍ കഴിയില്ലെന്നാണ് തമന്ന അറിയിച്ചത്. മഹാദേവ് ഓണ്‍ലൈൻ ഗെയിമിംഗ് ബെറ്റിംഗ് പ്ലാറ്റ്‌ഫോമിന്‍റെ അനുബന്ധ സ്ഥാപനമായ ഫെയർപ്ലേ ആപ്പില്‍ 2023 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) അനധികൃതമായി സംപ്രേക്ഷണം ചെയ്‌തതുമായി ബന്ധപ്പെട്ടതാണ് കേസ്. മുമ്പ് റാപ്പറും ഗായകനുമായ ബാദ്ഷായും ഇതേ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. നടൻ സഞ്ജയ് ദത്തിനും സമൻസ് അയച്ചെങ്കിലും അധികൃതർക്ക് മുന്നില്‍ ഹാജരാകാൻ സമയം നീട്ടി ചോദിക്കുകയായിരുന്നു.
അതേസമയം മഹാദേവ് ആപ്പ് കേസില്‍ നടൻ സാഹില്‍ ഖാനെ ഞായറാഴ്ച അറസ്റ്റ് ചെയ്യുകയും ഏപ്രില്‍ 29ന് മുംബൈ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡില്‍ നിന്നാണ് മുംബൈ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം സാഹില്‍ ഖാനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഷിൻഡെവാഡി-ദാദർ കോടതിയില്‍ ഹാജരാക്കി. വാതുവെപ്പ് സൈറ്റ് നടത്തുന്നതിലും നിയമവിരുദ്ധമായ വാതുവെപ്പ് പ്രവർത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും സഹില്‍ ഖാന് പങ്കുണ്ടെന്നാണ് കേസ്. മഹാദേവ് വാതുവെപ്പ് ആപ്പ് കേസില്‍ ഖാൻ ഉള്‍പ്പെടെ 38-ലധികം വ്യക്തികള്‍ക്കെതിരെ കേസുണ്ട്. ഏകദേശം 15,000 കോടി രൂപയുടെ തട്ടിപ്പാണ് ഈ കേസില്‍ കണക്കാക്കുന്നത്.