കോട്ടയം: മത പരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമേതിരേ നടക്കുന്ന ആസൂത്രിത അക്രമങ്ങള്‍ ആശങ്കാജനകമാണെന്നും ഇവയ്ക്ക് അറുതിയുണ്ടാകണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. ക്രൈസ്തവ സ്ഥാപനങ്ങള്‍ മത പരിവര്‍ത്തന കേന്ദ്രങ്ങളാണെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. സ്വാതന്ത്ര്യ പ്രാപ്തി സമയത്തും ഇപ്പോള്‍ ഏഴു പതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യാ 2.3 ശതമാനമായി മാറ്റമില്ലാതെ തുടരുകയാണ്.
ക്രൈസ്തവ സ്ഥാപനത്തിലൂടെ പഠിച്ചിറങ്ങുന്നവരെയും വിവിധ സേവനങ്ങളിലേര്‍പ്പെടുന്നവരെയും മതപരിവര്‍ത്തനം ചെയ്തിരുന്നെങ്കില്‍ ഇന്ത്യ ക്രൈസ്തവ രാജ്യമായി നാളുകള്‍ക്കു മുമ്പേ മാറുമായിരുന്നു. മത പരിവര്‍ത്തനമല്ല, വിദ്യാഭ്യാസത്തിലൂടെയും സാംസ്‌കാരിക വളര്‍ച്ചയിലൂടെയും മനുഷ്യനില്‍ പരിവര്‍ത്തനവും മാനസിക വളര്‍ച്ചയും സാമൂഹ്യ ഉയര്‍ച്ചയും സൃഷ്ടിക്കുന്ന നിസ്വാര്‍ത്ഥ സേവനമാണ് ക്രൈസ്തവരുടേത്. പക്ഷേ മതപരിവര്‍ത്തന നിരോധന നിയമം സൃഷ്ടിച്ച് ക്രൈസ്തവര്‍ക്കു നേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന മതേതരത്വ മൂല്യങ്ങളെ വെല്ലുവിളിക്കുന്നതും തകര്‍ക്കുന്നതുമാണ്. ഇതിനെതിരേ പൊതു മനഃസാക്ഷി ഉണരണം. ഇതിനോടകം ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം പല രൂപത്തില്‍ പാസാക്കിയിട്ടുണ്ട്. മധ്യപ്രദേശ്, കര്‍ണാടക ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ അക്രമിക്കാനുള്ള ആയുധമാക്കി. നിയമ വ്യവസ്ഥകളെയും ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന രീതിയില്‍ ചില തീവ്രവാദ സംഘടനകള്‍ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് എതിര്‍ക്കാതെ നിവൃത്തിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനായി കര്‍ണാടക കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് റൈറ്റ് റവ. ഡോ. പീറ്റര്‍ മച്ചാഡോയുടെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ ജനകീയ പോരാട്ടങ്ങള്‍ക്കും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സിലും ഇന്ത്യയിലെ വിവിധ അല്‍മായ സംഘടനകളും പിന്തുണ നല്‍കും. അതേ സമയം വര്‍ഷങ്ങള്‍ക്കുശേഷം കാശ്മീരില്‍ ക്രൈസ്തവ ദേവാലയം തുറന്ന് ബലിയര്‍പ്പണ സൗകര്യമൊരുക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.